ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ യുഡിഎഫ്; മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും സഭാ ആസ്ഥാനത്തെത്തി

ലീഗിന് ഫിഷറീസ് വകുപ്പ് നല്‍കുന്നതില്‍ സഭയ്ക്ക് കടുത്ത എതിര്‍പ്പുണ്ട്

തിരുവനന്തപുരം: ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തി മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും. മന്ത്രിസ്ഥാനം സംബന്ധിച്ച് അതൃപ്തി പ്രകടമാക്കിയ ലത്തീന്‍ സഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ സഭാ ആസ്ഥാനത്തെത്തിയത്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി. മന്ത്രിസഭയില്‍ വകുപ്പ് വിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഫിഷറീസ് വകുപ്പില്‍ ധാരണയായിട്ടില്ല. അതിനിടെയാണ് സന്ദര്‍ശനം. ലീഗിന് ഫിഷറീസ് വകുപ്പ് നല്‍കുന്നതില്‍ സഭയ്ക്ക് കടുത്ത എതിര്‍പ്പുണ്ട്. കടലിനെ അറിയുന്നയാള്‍ മന്ത്രിയാകണം എന്ന് ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശനോടും സഭ ആവശ്യപ്പെട്ടിരുന്നു.

താന്‍ ലത്തീന്‍ സഭ ആസ്ഥാനത്തെ സ്ഥിരം സന്ദര്‍ശകനാണെന്നും തിരുവനന്തപുരത്തെ രണ്ട് മന്ത്രിമാരായതിനാലാണ് സി പി ജോണുമൊത്ത് വന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയോട് അവര്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് ആവശ്യം പറഞ്ഞിരുന്നു. ഞങ്ങളോട് പ്രത്യേകം ഒന്നും സംസാരിച്ചിട്ടില്ല. ഈ ചര്‍ച്ചയില്‍ അങ്ങനെ കാര്യങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല. പരമാവധി സാമുദായിക പരിഗണന നല്‍കിയിട്ടുണ്ട്' കെ മുരളീധരന്‍ പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ അങ്ങനെ തന്നെ തുടരുകയാണെന്നും അത്തരത്തിലുളളവര്‍ മുന്നിലേക്ക് വരണമെന്നും  ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു. 'മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ അത് കടലുമായി ബന്ധപ്പെട്ട മന്ത്രിമാര്‍ ഇല്ലാത്തതുകൊണ്ടാണ്. ആവശ്യം ഇന്നും മന്ത്രിമാരോട് ഉന്നയിച്ചിട്ടുണ്ട്. കടലും ജലാശയങ്ങളും പരിപാലിക്കാന്‍ പ്രാപ്തരായവര്‍ വരണം. ശ്രദ്ധയോടുകൂടി ഇടപെടുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വരുന്നത് ആരാണെന്നും നിശ്ചയിക്കുന്നത് ആരാണെന്നും നോക്കട്ടെ. ബാക്കി പിന്നീട്'- യൂജിന്‍ പെരേര പറഞ്ഞു.

Content Highlights: UDF ministers K Muraleedharan and CP John visit Latin Archdiocese headquarters

To advertise here,contact us