'ആദ്യ ദിനം തന്നെ ഗവർണറെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി സതീശന് കഴിഞ്ഞിരിക്കുന്നു'; വന്ദേമാതരം ആലപിച്ചതിൽ SFI

'സംഘപരിവാര്‍ പ്രൊജക്ടിനെ എതിര്‍ക്കാനുള്ള രാഷ്ട്രീയ ബോധം കോണ്‍ഗ്രസിന് ഉണ്ടെന്ന് ധരിക്കുന്നതാണ് മതനിരപേക്ഷ കേരളത്തിലെ ഏറ്റവും വലിയ മണ്ടത്തരം'

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ വിമര്‍ശനവുമായി എസ്എഫ്‌ഐ. സംഘടന സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞിരിക്കുന്നുവെന്ന് എം ശിവപ്രസാദ് പറഞ്ഞു. ആര്‍എസ്എസിന്റെ ഭാരതാംബയെ ഉള്‍പ്പെടെ എതിര്‍ത്ത ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് വന്ദേമാതരം സത്യപ്രതിജ്ഞ വേദിയില്‍ മുഴങ്ങുമ്പോള്‍ ഉള്‍പുളകം കൊള്ളുന്ന യുഡിഎഫ് സര്‍ക്കാരിലേക്കുള്ള ദൂരം മതേതര കേരളം ആത്മാര്‍ത്ഥമായി അളക്കുന്നത് നല്ലതാണെന്നും ശിവപ്രസാദ് പറഞ്ഞു.

വന്ദേമാതരം ആലപ്പിച്ചുകൊണ്ട് പൊതുചടങ് ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സഞ്ജീവിന്റെ വിമര്‍ശനം. പല മതങ്ങളില്‍, നാനാ ജാതികളില്‍, വിശ്വസിക്കുന്നവര്‍, വിശ്വാസമില്ലാത്തവര്‍ പങ്കെടുക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 'സംഘപരിവാര്‍' ഗൂഢ പദ്ധതിയുടെ ഭാഗമായി നല്‍കിയിട്ടുള്ളൊരു നിര്‍ദേശം അതുപോലെ അനുസരിക്കണമെന്നില്ല. അത് കോണ്‍ഗ്രസിന്റെ നിലപാട് പോലെ ഇരിക്കും. എന്നാല്‍ കോണ്‍ഗ്രസ് അത് പൂര്‍ണമായി നടപ്പിലാക്കിയെന്ന് സഞ്ജീവ് കുറ്റപ്പെടുത്തി. മതനിരപേക്ഷ സര്‍ക്കാരിന് ഈ ഗാനമില്ലാതെയും അധികാരത്തില്‍ വരാം, സംഘപരിവാര്‍ പദ്ധതിയെ തുറന്ന് എതിര്‍ക്കാം. എന്നാല്‍ അതല്ല ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. സംഘപരിവാര്‍ പ്രൊജക്ടിനെ എതിര്‍ക്കാനുള്ള രാഷ്ട്രീയ ബോധം കോണ്‍ഗ്രസിന് ഉണ്ടെന്ന് ധരിക്കുന്നതാണ് മതനിരപേക്ഷ കേരളത്തിലെ ഏറ്റവും വലിയ മണ്ടത്തരം. മതനിരപേക്ഷതയെ പണയപ്പെടുത്തിയുള്ള പ്രവര്‍ത്തിക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ രേഖപെടുത്തുകയാണെന്നും സഞ്ജീവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വന്ദേമാതരത്തില്‍ ശ്രീ. വി ഡി സതീശന്‍ സംതൃപ്തനോ: ഔട്ട് ഓഫ് ഫോക്കസില്‍ ഇന്ന് ഒരു ചര്‍ച്ച ആയാലോ? ഇന്ത്യയുടെ മതേതര സംസ്‌കാരത്തിന് എതിരായ RSSന്റെ ഭാരതാംബയെ ഉള്‍പ്പെടെ എതിര്‍ത്ത ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് 'ത്വം ഹി ദുര്‍ഗാ ദശപ്രഹരണധാരിണീ, കമലാ കമലദളവിഹാരിണീ, വാണീ വിദ്യാദായിണീ, നമാമി ത്വാം' എന്ന വരിയുള്‍പ്പെടെ ആലപ്പിക്കുന്ന വന്ദേമാതരം UDF ഗവ. സത്യപ്രതിജ്ഞ വേദിയില്‍ മുഴങ്ങുമ്പോള്‍ ഉള്‍പുളകം കൊള്ളുന്ന യുഡിഎഫ് സര്‍ക്കാരിലേക്ക് ഉള്ള ദൂരം മതേതര കേരളം ആത്മാര്‍ത്ഥമായി അളക്കുന്നത് നല്ലതാണ്. ആദ്യ ദിനം തന്നെ സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സാധിച്ചിരിക്കുന്നു!

സഞ്ജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വന്ദേമാതരം ആലപ്പിച്ചുകൊണ്ട് പൊതുചടങ് ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ല. പല മതങ്ങളില്‍, നാനാ ജാതികളില്‍, വിശ്വസിക്കുന്നവര്‍, വിശ്വാസമില്ലാത്തവര്‍ പങ്കെടുക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 'സംഘപരിവാര്‍' ഗൂഢ പദ്ധതിയുടെ ഭാഗമായി നല്‍കിയിട്ടുള്ളൊരു നിര്‍ദേശം അതുപോലെ അനുസരിക്കണമെന്നില്ല. അത് കോണ്‍ഗ്രസിന്റെ നിലപാട് പോലെ ഇരിക്കും. എന്നാല്‍ കോണ്‍ഗ്രസ് അത് പൂര്‍ണമായി നടപ്പിലാക്കി. മതനിരപേക്ഷ സര്‍ക്കാരിന് ഈ ഗാനമില്ലാതെയും അധികാരത്തില്‍ വരാം, സംഘപരിവാര്‍ പദ്ധതിയെ തുറന്ന് എതിര്‍ക്കാം. എന്നാല്‍ അതല്ല ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. സംഘപരിവാര്‍ പ്രോജെക്ടിനെ എതിര്‍ക്കാനുള്ള രാഷ്ട്രീയ ബോധം കോണ്‍ഗ്രസിന് ഉണ്ടെന്ന് ധരിക്കുന്നതാണ് മതനിരപേക്ഷ കേരളത്തിലെ ഏറ്റവും വലിയ മണ്ടത്തരം. മതനിരപേക്ഷതയെ പണയപ്പെടുത്തിയുള്ള പ്രവര്‍ത്തിക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ രേഖപെടുത്തുന്നു.

Content Highlights- SFI criticized the singing of Vande Mataram, alleging that the Chief Minister attempted to please the Governor on the very first day.

To advertise here,contact us