തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് ട്രെന്‍ഡുണ്ടെന്നാണ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എൻഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രചവനം.
യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. യുഡിഎഫ് 70 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് മാട്രിസ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും Matrize പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സ് സര്‍വ്വേയും കേരളത്തില്‍ യുഡിഎഫിന് അനുകൂല സീറ്റ് നിലയാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് യുഡിഎഫിന് 75 മുതല്‍ 85 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും ബിജെപിക്ക് മൂന്ന് സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രില്‍ 9-ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര് പുരുഷന്മാരും 1,39,21,868 പേര് സ്ത്രീകളുമാണ്. 273 പേര് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്. നൂറ് വയസിന് മുകളില്‍ പ്രായമുളള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര് പുരുഷ വോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുളളത്. പതിനെട്ടിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുളള 4,66,408 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിരുന്നത്. 78.27 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം.
Content Highlights: Axis My India-NDTV exit poll predicts change of government in Kerala; UDF to win up to 85 seats