നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

സജിയുടെ അമ്മ മേരിക്കുട്ടി സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി പൊലീസില്‍ പരാതി നല്‍കിയിരുന്നു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ പിടിയില്‍. മലമുകളില്‍ ഒളിച്ചിരുന്ന പ്രതി താഴേയുള്ള കടയ്ക്ക് സമീപത്തേക്ക് ഇറങ്ങി വരുന്നതിനിടയില്‍ നാട്ടുകാരാണ് ഇയാളെ ആദ്യം കണ്ടത്. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പിടികൂടി. തന്നെ എന്തുവേണമെങ്കിലും ചെയ്തോളുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തനിക്ക് ഒരു തെറ്റ്പറ്റിപ്പോയെന്നും കീഴടങ്ങുകയാണെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞു. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Content Highlights: Saji, suspected in the Nedumkandam double murder case, has been taken into police custody.

To advertise here,contact us