തൃശൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയ്‌ക്കൊപ്പം പലയിടങ്ങളിലും ഇടിമിന്നലേറ്റുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

തൃശൂര്‍: വെങ്ങിണിശ്ശേരിയില്‍ കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു.

ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം. പത്ത് മുതല്‍ 15 വരെ പ്രായമുള്ള പത്തിലധികം കുട്ടികളാണ് കളിക്കാനുണ്ടായത്. സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയ്‌ക്കൊപ്പം പലയിടങ്ങളിലും ഇടിമിന്നലേറ്റുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴയിൽ ഇടിമിന്നലേറ്റ് 23കാരന് ജീവൻ നഷ്ടമായി. മുളക്കുഴ പുത്തന്‍ പീടികയില്‍ ആസിഫ് അഷറഫ് (23) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. മെയ് 15ന് തിരികെ ദുബായിലേക്ക് മടങ്ങാന്‍ ഇരിക്കയാണ് അപകടം.

Content Highlights: Four children get injured due to lightening when playing cricket

To advertise here,contact us