തിരുവനന്തപുരം: പാമ്പുകടിയേറ്റവർക്ക് നൽകേണ്ട ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരം ലഭ്യമാകാൻ ഇനി 108 ആംബുലൻസിൽ വിളിച്ചാൽ മതി. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് 108 ആംബുലൻസ് ടീമിന് കൈമാറി.
പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആംബുലൻസിൽ വിളിച്ച് സഹായം തേടണമെന്നും അനാവശ്യമായി ചലനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 108 ടീമിന് ആശുപത്രികളുടെ ലിസ്റ്റ് നൽകുന്നതിനാൽ ആന്റി വെനം ഇല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയേണ്ട വരില്ല.സംസ്ഥാനത്ത് നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തുടർച്ചയായി പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ആരോഗ്യ വകുപ്പിൻ്റെ അറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയിൽ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്ക് പാമ്പ് കടിയേറ്റിരുന്നു. സംഭവത്തിൽ എട്ട് വയസുകാരനായ അൽജോയ്ക്ക് ജീവൻ നഷ്ടമായിരുന്നു. പാമ്പുകടിയേറ്റ സഹോദരൻ അനോഷ് ചികിത്സയിലാണ്. കിടന്നുറങ്ങുമ്പോഴായിരുന്നു ഇരുവർക്കും പാമ്പിൻ്റെ കടിയേറ്റത്.
കഴിഞ്ഞ ദിവസം ചിറയിന്‍കീഴില്‍ എട്ടുവയസുകാരന് പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായിരുന്നു. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷലായിരുന്നു മരിച്ചത്. കായംകുളത്ത് പാമ്പുകടിയേറ്റ് 42കാരിയായ വീട്ടമ്മ മരിച്ചിരുന്നു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വ്യാഴാഴ്ച രണ്ട് പേരെ പാമ്പുകടിച്ചിരുന്നു. സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത സാഹചര്യത്തിൽ മുഖ്യമന്ത്രിയും ജഗ്രത നിർദ്ദേശം നൽകിയിരുന്നു.
Content Highlights:The Health Department has released a list of hospitals that have anti-venom available for snakebite victims