തൃശൂര്‍: പൂരം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. പൂരത്തിന്റെ എല്ലാ ചടങ്ങുകളും ചെയ്യാന്‍ തീരുമാനിച്ചുവെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് രവി പറഞ്ഞു. ആര്‍ഭാടം എത്രയൊക്കെ കുറയ്ക്കാന്‍ പറ്റുമോ അത്രയും കുറയ്ക്കും. ബാക്കി കാര്യങ്ങള്‍ മന്ത്രിതല യോഗത്തിന് ശേഷം തീരുമാനിക്കും. ജനവികാരം കണക്കിലെടുത്താണ് തീരുമാനം. പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ആകാംക്ഷയോടെ ഇത് കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട്ടെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാറും പറഞ്ഞു. സാമ്പിള്‍ വെടിക്കെട്ട് നടക്കേണ്ട ദിവസവും ദുഃഖാചരണം ആചരിക്കും. ലൈറ്റുകളും മറ്റ് അലങ്കാരവസ്തുക്കളും ഓഫ് ചെയ്തിട്ടുണ്ട്. ചമയ പ്രദര്‍ശനം ഒരു ദിവസം നിര്‍ത്തിവച്ച്, 25ന് നടത്തും. പാറമേക്കാവ് ദേവസ്വവും ഘടക പൂരങ്ങളും ആന ഉടമസ്ഥരും പഞ്ചവാദ്യം മേളക്കാരും ഒരേ സ്വരത്തില്‍ ഇത് തന്നെ പറയുന്നു. സര്‍ക്കാര്‍ ഒരു കാര്യവും തല്ലി ഏല്‍പ്പിക്കില്ല എന്ന് പറഞ്ഞു. നാളെ രാവിലെ 10.30ന് ദേവസ്വം മന്ത്രി യോഗം വിളിച്ചിട്ടുണ്ട്.യോഗത്തില്‍ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.
വെടിക്കെട്ട് മാറ്റിനിര്‍ത്തി ബാക്കിയെല്ലാം സാധാരണ രീതിയില്‍ വേണമെന്നുളളതാണ് പൊതുവികാരമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും പറഞ്ഞു. 2006-ല്‍ പാറമേക്കാവ് പ്രദേശത്ത് അപകടം നടന്നിരുന്നു. എന്നിട്ടും പൂരവും കുടമാറ്റവും ഭംഗിയായി നടന്നു. തങ്ങളുടെ അഭിപ്രായം നാളെ സര്‍ക്കാരിനെ അറിയിക്കും. വെടിക്കെട്ട് ഡിസ്പ്ലേ ചെയ്യാനുളള അനുമതി ഇല്ലെങ്കിലും അത് നശിപ്പിക്കാനുളള അനുമതി ലഭിക്കണം. ചൂടില്‍ അതിങ്ങനെ നില്ക്കുന്നതും വലിയ റിസ്കാണ്. വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് കുടമാറ്റത്തിനാണ്. ആ കുടകള്‍ ഭഗവതിയുടെ പുറത്തെത്തിയതായി അവര്‍ക്കൊരു സംതൃപ്തിയാണ്. അതും സര്‍ക്കാരിനോട് നിങ്ങള്‍ അറിയിക്കണം എന്നാണ് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ തീരുമാനം തിരുവമ്പാടിയെ അറിയിക്കുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 21ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ ഇതുവരെ പതിനാല് പേരാണ് മരിച്ചത്. വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) വിലയിരുത്തല്‍. ചൂടുമൂലം സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതക്കുറവാണെന്നാണ് പെസോയുടെ നിഗമനം. ഷോര്‍ട്ട് സര്‍ട്ട്ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്പക്രേറ്റ് പരിശോധന നടത്തുമെന്നും പെസോ അറിയിച്ചിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില് പൊളിക്കുകയും വയല്‍ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന യഥാര്‍ത്ഥ തുക ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കിയിരുന്നു.
Content Highlights- The Thiruvambadi Devaswom Board has confirmed that Thrissur Pooram will be conducted as planned.