പെരിന്തൽമണ്ണ: വാല്‍പ്പാറയില്‍ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട മസ്നീന്‍ എന്ന പത്തുവയസ്സുകാരി ആശുപത്രി വിട്ടു. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പം അവള് വീട്ടിലേക്ക് മടങ്ങി. അപകടത്തില്‍ മാതാവ് മരിച്ച വിവരം ഇപ്പോഴും മസ്നീന്‍ അറിഞ്ഞിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം കുട്ടിയെ വിവരം അറിയിച്ചാല്‍ മതിയെന്ന് സൈക്കോളജിസ്റ്റുകള്‍ നിര്‍ദേശിക്കുകയായിരുന്നു.
മാതാവ് പാങ്ങ് ജിയുപി സ്കൂളിലെ എൽ പി വിഭാഗം അധ്യാപികയായ ഷക്കീല സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ചുരത്തിന്റെ 13-ാം വളവിൽനിന്ന് ഒമ്പതാം വളവിലേക്ക് വീണ് തകർന്നടിഞ്ഞ വാഹനത്തിന്റെ ഉള്ളിൽനിന്ന് അപകടം കണ്ട് ഓടിയെത്തിയ ഒരു ടാക്സി ഡ്രൈവറാണ് മസ്നീനെ പുറത്തെടുത്തത്. പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിതാവ് അബ്ദുൾ ഹക്കീമും സുഹൃത്തുമെത്തി ശനിയാഴ്ചതന്നെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാങ്ങ് ജി യു പി സ്കൂളിൽ നിന്ന് അഞ്ചാംതരം പരീക്ഷ കഴിഞ്ഞിരിക്കുകയാണ് മസ്നീൻ. ടൂർ പോയ പാങ്ങ് ജിഎൽ പി സ്കൂളിലാണ് നാലാംക്ലാസ് വരെ പഠിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അന്ന് തന്നെ ഒമ്പത് പേര് മരിക്കുകയായിരുന്നു.
പാങ്ങ് ജിഎല്‍പി സ്കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന് ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
Content Highlight : Ten-year-old Masneen, who survived the Valparai accident, has been discharged from the hospital.