കോട്ടയം: നന്ദഗോവിന്ദം ഭജന്‍സ് ടീമിനെ പിന്തുണച്ച് വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സ് നേരിട്ട സൈബര്‍ ആക്രമണത്തിലാണ് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയത്. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ക്ഷേത്ര കമ്മിറ്റി കണ്‍വീനറുടെ പിന്തുണ അറിയിച്ചത്.
ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയാണെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്ന് ക്ഷേത്ര കമ്മിറ്റി പറയുന്നു.
നന്ദഗോവിന്ദത്തിന്റെ നവീന്‍ പഠിച്ചത് അവിടത്തെ പള്ളി സ്കൂളിലാണെന്നും പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചര്‍മാരുമാണെന്ന് കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ പ്രോഗ്രാം കേള്‍ക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ഈ നാട്ടിലുള്ള എല്ലാവര്ക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ', ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി.
'നന്ദഗോവിന്ദം ഭജന്‍സ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ക്ഷേത്ര പുനര്‍നിര്‍മാണം നടക്കുന്നത് കൊണ്ടും അതിന് ഒരു പ്രചാരണമെന്ന രീതിയില്‍ നന്ദഗോവിന്ദം ഭജന്‍സ് ഫ്രീ ആയിട്ട് ക്ഷേത്രത്തിന് വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേര് വളരെയധികം വിവാദത്തില്‍ എത്തിച്ചിരിക്കുകയാണ്.
ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതില്‍ക്കെട്ടിനകത്തല്ല, അതിനുള്ളില്‍ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയില്‍ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്. നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, നവീന്‍ എല്‍കെജി മുതല്‍ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്, പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചര്‍മാരുമുണ്ട്. അതിനാല്‍ത്തന്നെ പ്രോഗ്രാം കേള്‍ക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു.
ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ് പ്രോഗ്രാം കണ്ട്രോള് ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവര്ക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേള്‍ക്കുകയും ചെയ്തു. ഈ അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്.
ഇവിടത്തെ ദേശവിളക്കിന് നമ്മള് വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോള്‍ അവര്‍ വഴിയരിയില്‍ തിരി തെളിയിക്കുന്നതും എല്ലാം വര്‍ഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു.
അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ.', ക്ഷേത്ര കമ്മിറ്റി ഫേസ്ബുക്കില്‍ കുറിച്ചു.
'ഈ പരദേവനഹോ' എന്ന ക്രിസ്തീയ ഗാനം ആലപിച്ചതിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സിന് എതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല രംഗത്ത് വന്നിരുന്നു. ഇത് ചില സൈബര്‍ പേജുകളും ഏറ്റെടുത്തിരുന്നു. വിഷയത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായാണ് നിലകൊണ്ടതെന്ന് നന്ദഗോവിന്ദം ഭജന്‍സ് പറഞ്ഞു.
Content Highlights: Vempinkulangara Sree Mahavishnu Temple Restoration Committee supports Nandagovindam Bhajans team