പേരാമ്പ്ര വിവാദം: റിട്ടേണിങ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ജാഗ്രതക്കുറവ്; പരാതി നല്‍കിയെന്ന് ഫാത്തിമ

'സ്ട്രോങ് റൂം അല്ല, മെറ്റീരിയൽ റൂം മാത്രമാണ് തുറന്നത്' എന്ന റിട്ടേണിങ് ഓഫീസറുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ഫാത്തിമ തെഹ്‌ലിയ

കോഴിക്കോട്: പേരാമ്പ്ര വിവാദത്തിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ. സംഭവത്തിൽ റിട്ടേണിങ് ഓഫീസർക്ക് ഗുരുതരമായ ജാഗ്രതക്കുറവും അശ്രദ്ധയും ഉണ്ടായെന്നും സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്കും ജില്ലാ ഇലക്ഷൻ ഓഫീസർക്കും പരാതി നൽകിയെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

മെറ്റീരിയൽ സ്ട്രോങ് റൂം തുറക്കുമെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ പറഞ്ഞത് അടിയന്തര അറിയിപ്പില്ലാതെയാണ്. ഇത്രയും പ്രധാനപ്പെട്ട കാര്യത്തിൽ ഇങ്ങനെയല്ല അറിയിക്കേണ്ടതെന്നും ഗുരുതരമായ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. ഗൗരവമുള്ള വിഷയം വ്യക്തതയും സുതാര്യതയും ഉറപ്പാക്കുന്ന രീതിയിൽ നിയമപരവും ചട്ടപ്രകാരവുമായ രീതിയിലാണ് അറിയിക്കേണ്ടത്. തീരുമാനം എടുക്കാൻ ആവശ്യമായ സമയം അനുവദിക്കേണ്ടതാണെന്നും ഫാത്തിമ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരാതി നൽകിയ കാര്യം ഫാത്തിമ തെഹ്‌ലിയ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

ഇന്ന് 20-04-2026 (തിങ്കളാഴ്ച) ഉണ്ടായ സംഭവങ്ങളെ കുറിച്ച് നിങ്ങളെല്ലാവരോടും വ്യക്തമായി പങ്കുവെക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നെന്ന വാർത്ത പുറത്തുവന്നതോടെ യു.ഡി.എഫ് നേതാക്കളിലും പ്രവർത്തകരിലും ആശങ്ക ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട യഥാർത്ഥ സാഹചര്യം ഇതാണ്:

ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ കുന്ദമംഗലം, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, ബേപ്പൂർ എന്നീ മണ്ഡലങ്ങളിലെ ബാലറ്റുകളും അനുബന്ധ രേഖകളുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ഓരോ നിയോജകമണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ യു.ഡി.എഫിന്റെ പ്രത്യേക ടീം ജാഗ്രതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ നിന്ന് ഫോൺ കോൾ വഴി രാവിലെ 9:30-ന് മെറ്റീരിയൽ റൂം തുറക്കുമെന്നും, സ്ഥാനാർത്ഥിയുടെ ഒരു പ്രതിനിധി അവിടെ ഉണ്ടാകണമെന്നും അറിയിക്കപ്പെട്ടു. എന്നാൽ ഇത്രയും പ്രധാനപ്പെട്ട കാര്യത്തിൽ ഇത്തരത്തിലുള്ള അടിയന്തര അറിയിപ്പ് പ്രായോഗികമല്ലെന്നും, സമയബന്ധിതവുമല്ലെന്നും സ്ഥാനാർത്ഥിയുടെ പ്രതിനിധി വ്യക്തമാക്കിയിരുന്നു. കൂടാതെ, എന്ത് ആവശ്യത്തിനാണ് റൂം തുറക്കുന്നത്, എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നീ കാര്യങ്ങൾ രേഖാമൂലം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു പരിശോധിച്ച ശേഷമേ മറുപടി നൽകാൻ സാധിക്കൂ എന്നും അറിയിച്ചു.

ഈ വിവരം അറിഞ്ഞ ഉടൻ, ഇത്രയും ഗൗരവമുള്ള വിഷയത്തിൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കുന്ന രീതിയിൽ നിയമപരവും ചട്ടപ്രകാരവുമായ അറിയിപ്പാണ് നൽകേണ്ടതെന്നും, തീരുമാനം എടുക്കാൻ ആവശ്യമായ സമയം അനുവദിക്കണമെന്നും സ്ഥാനാർത്ഥിയായ ഞാൻ തന്നെ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചു. എന്നാൽ ഈ ആവശ്യങ്ങൾ പരിഗണിക്കാതെയും യാതൊരു സമയവും അനുവദിക്കാതെയും റൂം തുറക്കാൻ റിട്ടേണിംഗ് ഓഫീസർ തിടുക്കം കാണിക്കുകയായിരുന്നു.

കുറച്ച് സമയം കാത്തുനിന്നിട്ടും യാതൊരു നോട്ടീസോ രേഖാമൂലമുള്ള അറിയിപ്പോ ലഭിക്കാത്തതിനാൽ, എന്തെങ്കിലും നടപടികൾ എന്റെതോ എന്റെ പ്രതിനിധിയുടെയോ അസാന്നിധ്യത്തിൽ നടക്കുമോ എന്ന ആശങ്കയിലാണ് എന്റെ പ്രതിനിധി ജെ.ഡി.ടി സ്കൂളിലെത്തിയത്. അപ്പോൾ തന്നെ ആർ.ഒ. ഓഫീസിലെ ഉദ്യോഗസ്ഥർ റൂം തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. എൽ.ഡി.എഫിന്റെ ഒരു പ്രതിനിധിയും അവിടെയുണ്ടായിരുന്നു. അവിടെ എത്തിയ ശേഷമാണ് വ്യക്തതയില്ലാത്ത ഒരു ഇ-മെയിൽ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ നിന്ന് എൻ്റെ പ്രതിനിധിക്ക് ലഭിച്ചത്.

സ്ഥാനാർത്ഥിയുടെ പ്രതിനിധിക്ക് യാതൊരു വ്യക്തമായ വിശദീകരണവും നൽകാതെയാണ് റൂം തുറന്നത്. ഈ റൂം ഇ.വി.എം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ തൊട്ട് മുകളിലായി, അതീവ സുരക്ഷാ മേഖലയിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.തുറന്ന റൂമിന്റെ പുറത്ത് “024 PERAMBRA LAC STRONG ROOM 5 RESERVE ROOM” എന്നാണു വ്യക്തമാക്കിയിരിക്കുന്നത്. റൂമിനകത്തേക്ക് ഒരു ലാപ്ടോപ്പും ഒരു ഉദ്യോഗസ്ഥന്റെ ഫോണും കൊണ്ടുപോകുകയും, മറ്റുള്ളവരുടെ ഫോണുകൾ പുറത്ത് വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

സ്ഥാനാർത്ഥി സ്ഥലത്തെത്തിയപ്പോൾ ആദ്യം ജെ ഡി റ്റി കോമ്പൗണ്ടിനകത്തേക്ക് പ്രവേശനം അനുവദിക്കാതെ തടഞ്ഞുവെച്ചെങ്കിലും, ശക്തമായ പ്രതിഷേധത്തെ തുടർന്ന് അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് ഡെപ്യൂട്ടി കളക്ടറും റിട്ടേണിംഗ് ഓഫീസറും സ്ഥലത്തെത്തിയതിൽ സ്ഥാനാർത്ഥിയായ ഞാൻ മേൽകാര്യങ്ങളിലെ എൻ്റെ ആശങ്കകൾ അറിയിച്ചു.അവരുടെ വിശദീകരണമനുസരിച്ച്, ലാപ്ടോപ്പിന്റെ സഹായത്തോടെ മെയിൽ, ഫീമെയിൽ, ഓവർസീസ് വോട്ടർമാരുടെ വെരിഫിക്കേഷൻ നടപടികളാണ് അവിടെ നടന്നിരുന്നത്. എന്നാൽ എന്റെ ആവശ്യപ്രകാരം ആ നടപടികൾ ഉടൻ നിർത്തിവെക്കുകയും മെറ്റീരിയൽ റൂം അടച്ചുപൂട്ടുകയും ചെയ്തു.

അതേ സമയം, പേരാമ്പ്രയിലെ മെറ്റീരിയൽ റൂം കോഴിക്കോട് സൗത്ത് സ്ട്രോങ്ങ് റൂം എന്നാണ് പുറത്ത് കാണിച്ചിരുന്ന മോണിറ്ററിൽ പ്രദർശിപ്പിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. സംഭവം നിരീക്ഷിച്ചു കൊണ്ടിരുന്ന യു.ഡി.എഫ് ടീം ഇത് ഉടൻ തന്നെ നേതാക്കളെ അറിയിക്കുകയും അഡ്വ. പ്രവീൺ കുമാർ, എം. എ. റസാഖ് മാസ്റ്റർ, അഡ്വ. ഫൈസൽ ബാബു, വി. ടി. സൂരജ് എന്ന സ്ഥാനാർത്ഥികളും യു ഡി എഫ് നേതാക്കളും സ്ഥലത്തെത്തുകയും ചെയ്തു. പിന്നീട് ഡെപ്യൂട്ടി കളക്ടറുടെ സാന്നിധ്യത്തിൽ ജെ.ഡി.ടി ക്യാമ്പസിലെ മറ്റു മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂം പരിസരങ്ങളും പരിശോധിച്ച് ആശങ്കകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

സ്ട്രോങ്ങ് റൂമുകൾ സ്ഥിതി ചെയ്യുന്ന പ്രദേശം അതീവ സുരക്ഷ ആവശ്യമായ inner perimeter area ആയിരിക്കെ, ജില്ലാ ഇലക്ഷൻ ഓഫീസറുടേയും സൂപ്രണ്ട് ഓഫ് പോലീസിൻ്റേയും സാന്നിധ്യവും ഉത്തരവുമില്ലാതെ റിസർവ് റൂം തുറന്നത് നിയമവിരുദ്ധവും പ്രോട്ടോക്കോൾ ലംഘനവുമാണ്.മാത്രമല്ല ഇത്രയും സുരക്ഷിതത്വം വേണ്ട കേന്ദ്ര സേനയുടെ core control ഉണ്ടാവേണ്ട സ്ഥലത്ത് സംസ്ഥാന സർക്കാറിൻ്റെ ഉദ്യോഗസ്ഥർ അതീവ ലാഘവത്തോടെ പ്രവേശിച്ചത് ഗുരുതരമായ വീഴ്ച്ച തന്നെയാണ്.

“സ്ട്രോങ്ങ് റൂം അല്ല, മെറ്റീരിയൽ റൂം മാത്രമാണ് തുറന്നത്” എന്ന റിട്ടേണിംഗ് ഓഫീസറുടെ വാദവും അംഗീകരിക്കാൻ കഴിയില്ല. സ്ട്രോങ്ങ് റൂമിനോട് തൊട്ട് ചേർന്നതും Inner Perimeter Areaക്കുള്ളിൽ ആയതുമായ റൂം ആയതിനാൽ, വോട്ടെണ്ണൽ ദിവസത്തിന് മുമ്പ് അവ തുറക്കാൻ റിട്ടേണിങ്ങ് ഓഫീസർക്ക് യാതൊരു അധികാരവും ഇല്ല. അങ്ങനെ ചെയ്ത നടപടിയെ "മെറ്റീരിയൽ റൂം മാത്രമാണ് തുറന്നത്" എന്ന് തികഞ്ഞ ലാഘവത്തോടെ പ്രസ്ഥാവിക്കുന്നത് ഗുരുതര വീഴ്ച്ച മറച്ചു വെക്കുന്നതിനും, തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനുമാണ്.

ഈ സാഹചര്യത്തിൽ, റിട്ടേണിംഗ് ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ജാഗ്രതക്കുറവും അശ്രദ്ധയും സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്കും ജില്ലാ ഇലക്ഷൻ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.

പ്രിയപ്പെട്ടവരെ,പ്രാർത്ഥനയോടെയും ജാഗ്രതയോടെയും നമുക്കൊരുമിച്ച് മുന്നോട്ട് പോകാം

Content Highlights: UDF candidate Fathima Tehlia has filed a complaint with the Chief Election Officer and District Election Officer, alleging a serious lack of vigilance in the opening of the strong room

To advertise here,contact us