തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലില്‍ വിശദീകരണവുമായി മന്ത്രി കെ രാജന്. കേരളത്തിനെതിരെ അപകടകരമായ പ്രചരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് മന്ത്രി കെ രാജന് പറഞ്ഞു. ടൗണ്‍ഷിപ്പിലെ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ കാലാവസ്ഥാ വ്യത്യാസങ്ങളിലുണ്ടാവുന്ന ഉറപ്പ് പരിശോധിക്കാനായി വാട്ടര്‍ ഹോള്‍ഡിംഗ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നു. 24 മണിക്കൂര്‍ ടെറസില്‍ വെള്ളം കെട്ടി നിര്‍ത്തും. ഏതെങ്കിലും വിധത്തില്‍ ലീക്ക് ഉണ്ടെങ്കില്‍ എപ്പോക്സി ട്രീറ്റ്മെന്റ് നടത്തും. ശേഷം ലീക്ക് ഇല്ലെന്ന് ഉറപ്പുവരുത്തിയാല്‍ അവിടെ വീണ്ടും 24 മണിക്കൂര്‍ വെള്ളം കെട്ടി നിര്‍ത്തും. വീണ്ടും ലീക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തിയാല്‍ സ്വിമ്മിംഗ് പൂളിന് പോലും നടത്തുന്ന വാട്ടര്‍ പ്രൂഫിംഗ് നടത്തും. ശേഷം 2 മുതല്‍ 7 സെന്റിമീറ്റര്‍ കനത്തില്‍ സ്ക്രീഡ് കോണ്‍ക്രീറ്റ് നടത്തും. പിന്നീട് ബലക്ഷയം ഉണ്ടാകില്ലെന്നും കെ രാജന് പറഞ്ഞു.
വാട്ടര്‍ പോണ്ടിംഗ് നടത്തിയപ്പോള്‍ രണ്ട് വീടുകളില്‍ വെള്ളം കിനിയുന്നതായി കണ്ടു. എഞ്ചിനീയര്‍മാര്‍ തന്നെയാണ് ആ സ്ഥലം മാര്‍ക്ക് ചെയ്തത്. ഇത് ദൂരെ നിന്ന് ചിത്രീകരിച്ചപ്പോള്‍ വിള്ളല്‍ ആണെന്ന് വിധത്തില്‍ വിവരം അറിയിക്കുകയും പരക്കുകയുമായിരുന്നു. താപനിലയിലെ വ്യത്യാസം മൂലമുണ്ടായ ഷ്രിങ്കേജ് ആണ് ഉണ്ടായതെന്നും കെ രാജന് പറഞ്ഞു.
എഞ്ചിനീയര്‍മാര്‍ പറഞ്ഞകാര്യം നേരിട്ടും ബാക്കിയുള്ളവരെയും ബോധ്യപ്പെടുത്താനാണ് പെന്‍സില്‍ മാര്‍ക്ക് മായ്ച്ചത്. വീടുപണി പൂര്‍ത്തിയായാല്‍ നേരിട്ട് കൈമാറില്ല. വീട്ടുകാരുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് കൈമാറുകയെന്നും മന്ത്രി പറഞ്ഞു.
'പരിശോധിക്കാന്‍ ഞാന്‍ ആളല്ല. ചൂരല്‍മലക്കാര്‍ക്ക് ഞാന്‍ വെറും മന്ത്രി അല്ല. വീട്ടുകാരനാണ്. എന്റെ വീട്ടുകാര്‍ക്ക് വീട് കൊടുക്കുമ്പോള്‍ ഏറ്റവും മികച്ചത് ആവണം. ഞാന്‍ മുകളില്‍ കയറിയത് തെറ്റായിപ്പോയി എന്ന് പറയുന്നവരോട് അഭിമാനപൂര്‍വവും വിനയപൂര്‍വ്വവും പറയുന്നു എന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിനും പൊക്കത്തില്‍ കയറും. ദന്തഗോപുരത്തില്‍ നിന്നും നിയന്ത്രിച്ചല്ല ശീലം. വീട്ടുടമയായ നൗഫല്‍ ഒരു ദുരന്തബാധിതനാണ്. അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്ന വാക്കുകള്‍ ചൂളമടിച്ചും കൂക്കിവിളിച്ചും ആഘോഷിച്ചു. അയാളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
കൂലിപ്പണിരാജന്‍ എന്ന വിളിയില്‍ ആത്മാഭിമാനം മാത്രമാണുള്ളത്. മുതലാളി രാജന് എന്ന പേര് കേട്ടില്ലല്ലോ. തൊഴിലാളികളുടെ വേദന അറിയുന്ന മണ്ണില്‍ നിന്നാണ് താന്‍ വരുന്നത്. കൂലിപ്പണി രാജന് എന്ന് വിളിക്കുന്നതില്‍ പ്രശ്നമില്ലെന്നും കെ രാജന് പറഞ്ഞു.
പണിത് കൊണ്ട് ഇരിക്കുന്ന വീടിനെ ഇത്രയും മോശമായി ചിത്രീകരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവരുടെ സംസ്കാരം അളക്കാനുള്ള അളവുകോല്‍ കൂലിപ്പണിക്കാരന് രാജന്റെ കയ്യില്‍ ഇല്ല. പക്ഷെ കേരള ജനതയുടെ കയ്യിലെ കോലുവെച്ച് അളക്കും. 2024ലെ രണ്ടാം ഓണത്തിന് കണ്ണീരോടെയാണ് ആഹാരം കഴിച്ചത്. വേദനാജനകമായ പല പ്രചാരണങ്ങള്‍ നടന്നു. കേരളത്തിനെ അപമാനിക്കുന്ന തരത്തിലേക്ക് പ്രചരണ പ്രചരണ പ്രവര്‍ത്തനത്തിലേക്ക് പോകാമോ? ടൗണ്‍ഷിപ്പ് ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. ആശങ്ക പരത്തരുത്. ഒരു കക്കൂസ് പോലും പണിയാത്തവരാണ് അട്ടഹസിക്കുന്നത്. മെയ് മാസത്തില്‍ തന്നെ മൂന്ന് ഘട്ടവും പൂര്‍ത്തിയാക്കും. ദയവായി വിഷം കലര്‍ത്താന്‍ ശ്രമിക്കരുതെന്നും കെ രാജന് പറഞ്ഞു.
Content Highlights: Pride in calling yourself a coolie Rajan said minister K Rajan