നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി. ആരോഗ്യ സർവകലാശാല വിസിയ്ക്കാണ് നിർദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. വി സി ഗവർണർക്ക് വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകി. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും. സമിതി വിദ്യാർത്ഥികളുടെ മൊഴിയെടുക്കും. സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണസംഘത്തലവൻ.

അതേസമയം, നിതിന്റെ മരണത്തിൽ പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ ഒളിവിലാണ് എന്നാണ് വിവരം. ഇവർ മുൻ‌കൂർ ജാമ്യത്തിനായി ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. ഇരുവരെയും കണ്ടെത്തണണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റ് മാത്രമല്ല, ഡോ. റാമിനെ പുറത്താക്കണം എന്നത് കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിക്കും എന്നാണ് വിവരം. അധ്യാപിക ലതയ്‌ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിതിന്റെ കുടുംബത്തിന്റെ ആവശ്യം.

ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം അവകാശപ്പെട്ടത്. അവസാനമായി നിധിനെ ഫോണിൽ ബന്ധപ്പെടുമ്പോഴും അത്തരത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞിരുന്നില്ലെന്നും ഗുരുതരമായ ജാതി അധിക്ഷേപത്തിന് മകൻ ഇരയായെന്നും കുടുംബം പറഞ്ഞു.

അതിനുപിന്നാലെയാണ് ഡോ. എം കെ റാമിനും സംഗീതാ നമ്പ്യാർക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുകളുളള നിതിന്റെ ശബ്ദരേഖ ഉൾപ്പെടെ പുറത്തുവന്നത്. തുടർന്ന് കോളേജിലെ നിരവധി വിദ്യാർത്ഥികളും റാമിനെതിരെ രംഗത്തെത്തി. റാമിനെയും സംഗീതയെയും നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് അധ്യാപകർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Content Highlights: Governor orders strict action against college authorities in Nithin Raj death

To advertise here,contact us