ഗൈഡ് മദ്യപിച്ച് ​ബോധരഹിതനായി; കൊല്ലത്ത് വിദേശ പൗരൻ പുലര്‍ച്ചെ വീടിന്‍റെ വാതില്‍ മുട്ടി, പേടിച്ച് വീട്ടുകാര്‍

കൊല്ലത്ത് ഉല്ലാസയാത്രയ്ക്ക് എത്തിയ വിദേശ പൗരൻ വഴിതെറ്റി അലഞ്ഞത് മണിക്കൂറുകളോളമാണ്

കൊല്ലം: കൊല്ലത്ത് ഉല്ലാസയാത്രയ്ക്ക് എത്തിയ വിദേശ പൗരൻ വഴിതെറ്റി അലഞ്ഞത് മണിക്കൂറുകളോളം. ഒടുവിൽ വഴി കണ്ട വീട്ടിലേക്ക് കയറി ചെല്ലുകയായിരുന്നു. പുലർച്ചെ വീട്ടിലെത്തിലെത്തിയ വിദേശ പൗരനെ കണ്ട് ഞെട്ടിയ അവസ്ഥയിലായിരുന്നു വീട്ടുകാർ. കൊല്ലം മയ്യനാടാണ് സംഭവം നടന്നത്. കൊല്ലം ചുറ്റി സഞ്ചരിക്കാൻ ​ഗൈഡിനൊപ്പമെത്തിയ ബ്രിട്ടീഷ് പൗരനായ ഹിറ്റ് പാട്രിക് ജോൺ ആണ് വഴിതെറ്റി മയ്യനാട്ട് വീട്ടിലെത്തിയത്.

നഗരത്തിലെ ഹോട്ടലിൽ താമസിച്ചിരുന്ന യുവാവ്, ഗൈഡിനൊപ്പം മദ്യപിച്ചിരുന്നു. ഗൈഡ് ബോധരഹിതനായതോടെ ഒറ്റയ്ക്ക് റൂമിലേക്ക് തിരിച്ച പാട്രിക്ക് പാതിരാത്രിയിൽ വഴിതെറ്റിയാണ് മയ്യനാട്ടെ വീട്ടിലെത്തിയത്. കൊട്ടിയം സ്വദേശിയായ ഗൈഡിനൊപ്പമാണ് പാട്രിക് പുറത്തുപോയത്. ഇരുവരും കൊല്ലത്തെയും കൊട്ടിയത്തെയും ബാറിൽ കയറി മദ്യപിച്ചു. ഗൈഡിന് ലക്കുകെട്ടതോടെ പാട്രിക് സ്വന്തം താമസസ്‌ഥലത്തേക്ക് ഒറ്റയ്ക്ക് യാത്രതിരിച്ചു. അങ്ങനെയാണ് വഴിതെറ്റി മയ്യനാടാണ് എത്തിയത്.

നേരം വെളുക്കാറായ സമയത്താണ് കോടവിള പടിഞ്ഞാറ്റതിൽ വിഷ്ണുവിന്റെ വീടിന്റെ വാതിലിൽ പാട്രിക് ശക്‌തമായി മുട്ടിയത്. അസമയത്ത് വീട്ടിലെത്തിയ വിദേശ പൗരനെ കണ്ട വീട്ടുകാർ പരിഭ്രാന്തരായി. തുടർന്ന് അയൽവാസികളെയും വാർഡ് മെമ്പറെയും വിളിച്ചു. യുവാവിനോട് സംസാരിച്ചപ്പോഴാണ് നടന്ന സംഭവം വ്യക്തമായത്. രാത്രി മുഴുവൻ വഴിതെറ്റി നടന്നതാണെന്നും സഹായിക്കണമെന്നുമായിരുന്നു അഭ്യർഥന. ഇതോടെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ഇരവിപുരം പോലീസ് സ്‌ഥലത്തെത്തി പാസ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ച് യുവാവ് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ഉറപ്പുവരുത്തി. പിന്നീട് പൊലീസ് ഇടപെട്ട് യുവാവിനെ കൊല്ലം നഗരത്തിലെ താമസ സ്‌ഥലത്ത് എത്തിക്കുകയും ചെയ്തു.

Content Highlights: Guide lost consciousness after drinking alcohol; foreign national wandered around all night in Kollam

To advertise here,contact us