കുംഭമേള വൈറല്‍ താരവിവാഹം; ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് തടഞ്ഞത് നീട്ടി

പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്തതിന് പോക്സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരെ കേസെടുത്തത്

കൊച്ചി: കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. അഞ്ചാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞ നടപടി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നീട്ടിയത്. മുഹമ്മദ് ഫര്‍മാനെതിരെ കേസെടുത്തോ എന്നതില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്തതിന് പോക്സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരെ കേസെടുത്തത്. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.

വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് മുന്നില്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാനും ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് ഓഫീസിലെ അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. രേഖകളുടെ ആധികാരികത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പൂവാര്‍ പൊലീസ് നാളെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലോടെയാണ് കേരളാ പൊലീസും വിവാഹ വിവാദത്തില്‍ അന്വേഷണം തുടങ്ങിയത്.

കേരളത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനും ഉപയോഗിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ചാണ് ആദ്യ അന്വേഷണം. ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്നും ഇവ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നുമാണ് അധികൃതര്‍ മൊഴി നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് എടുക്കാനായി കൊടുത്ത വിവരങ്ങള്‍ തെറ്റാണോയെന്ന് അറിയില്ലെന്നും മൊഴിയിലുണ്ട്.

Content Highlights: Kumbh Mela viral celebrity wedding Husband Farman's arrest ban extended by High Court

To advertise here,contact us