പത്തനംതിട്ട: ആറന്മുളയില് മന്ത്രി വീണാ ജോര്‍ജ് വിജയിക്കുമെന്ന് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. 7000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിന് ശേഷമാണ് നിഗമനം. പത്തനംതിട്ട നഗരസഭയിലും കോഴഞ്ചേരി പഞ്ചായത്തിലും എല്‍ഡിഎഫിന് വോട്ട് കുറയുമെന്നാണ് നിഗമനം.
ബാക്കി എല്ലാ ഇടങ്ങളിലും എല്‍ഡിഎഫിന് കൂടുതല്‍ വോട്ട് ലഭിക്കുമെന്നും വിലയിരുത്തലുണ്ട്. പത്തനംതിട്ട ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. കോന്നിയില്‍ എല്‍ഡിഎഫിന് 8000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. റാന്നിയിലും തിരുവല്ലയിലും അടൂരിലും 5000 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പേരാവൂരില്‍ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയും സിപിഐഎം പങ്കുവെക്കുന്നുണ്ട്. കെ കെ ശൈലജ 3000 വോട്ടിന് വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. 5000 വോട്ടുകളെങ്കിലും വ്യക്തിപരമായി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ കെ കെ ശൈലജയുടെ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.
കെ കെ ശൈലജയുടെ ജനകീയതയും ജന്മനാട്ടില് നിന്ന് ലഭിക്കുന്ന വോട്ടുകളും നിര്‍ണായകമാണെന്നും നേതൃത്വം വിലയിരുത്തുന്നു. മത സാമുദായിക ഘടകങ്ങളും അനുകൂലമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉറച്ച വോട്ടുകള്‍ മാത്രം കണക്കുമ്പോള്‍ സണ്ണി ജോസഫ് 5000 വോട്ടിന് മുന്നിലാണെന്നും മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Content Highlights: LDF thought minister Veena George will win around 7000 margin in Aranmula