ഷോണിന്റെ ഭീഷണി വേണ്ട, സഭയെയും പിതാക്കന്‍മാരെയും അധിക്ഷേപിച്ചാല്‍ യുഡിഎഫ് പ്രതിരോധിക്കും; മാണി സി കാപ്പന്‍

സിപിഐഎമ്മിന്റെ തണലില്‍ ബിജെപി കേരളത്തില്‍ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മാണി സി കാപ്പന്‍. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആര്‍എസ്എസിന്റെ സമീപനമാണ് എഫ്‌സിആര്‍എ ബില്ലിലൂടെയും ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു.

പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേല്‍ ചാരാനാണ് ഷോണ്‍ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കാനും നിലക്ക് നിര്‍ത്താനുമുള്ള ഉത്തരവാദിത്തവും ആര്‍ജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിന് മേല്‍ ഇന്ത്യയില്‍ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവര്‍ത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോണ്‍ ജോര്‍ജ് ദീപികയ്ക്ക് എതിരെ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്. മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോള്‍ എഡിറ്റോറിയല്‍ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപിക പാരമ്പര്യം അറിയാതെയാണ് ഷോണ്‍ ഈ ഭീഷണി ഉയര്‍ത്തിയത്. ദിവസങ്ങള്‍ക്കകം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും. സിപിഐഎമ്മിന്റെ തണലില്‍ ബിജെപി കേരളത്തില്‍ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:

To advertise here,contact us