വാഷിംഗ്ടൺ: ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷത്തിലെ നിലപാടിന്റെ പേരിൽ വത്തിക്കാൻ പ്രതിനിധിയെ ഭീഷണിപ്പെടുത്തി അമേരിക്ക. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. കത്തോലിക്കാസഭ അമേരിക്കയുടെ താത്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞാണ് ഭീഷണി. യുഎസ് മാധ്യമമായ ഫ്രീ പ്രസ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുദ്ധത്തെക്കുറിച്ചുള്ള മാർപാപ്പയുടെ പ്രസ്താവനയാണ് അമേരിക്കയെ ചൊടിപ്പിച്ചത്. വത്തിക്കാൻ നയതന്ത്ര സേനയെ അഭിസംബോധന ചെയ്ത് നടത്തിയ വാർഷിക പ്രസംഗത്തിൽ യുദ്ധം വീണ്ടും പ്രചാരത്തിലായിരിക്കുന്നു എന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. ബലാബല നയതന്ത്രത്തെയും ആഗോള ആധിപത്യത്തെയും കുടിയേറ്റക്കാരോടുള്ള മോശമായ പെരുമാറ്റത്തെയും മാർപാപ്പ വിമർശിച്ചിരുന്നു. ഈ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണ് എന്നാണ് പെന്റഗൺ പ്രതിനിധികൾ പറയുന്നത്. ഇതോടെയാണ് വത്തിക്കാൻ പ്രതിനിധി ക്രിസ്റ്റോഫ് പിയറെയെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയത്. ലോകത്ത് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക ശക്തി അമേരിക്കയ്ക്കുണ്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം ചേരുന്നതാണ് നല്ലത് എന്നായിരുന്നു ഭീഷണി.
ഭീഷണിക്ക് പിന്നാലെ ലിയോ പതിനാലാമൻ തന്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി. പകരം, വടക്കേ ആഫ്രിക്കൻ കുടിയേറ്റക്കാരും യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളും ആശ്രയിക്കുന്ന ഒരു പ്രധാനപ്പെട്ട കേന്ദ്രമായ ലാംപെഡൂസ എന്ന ഇറ്റാലിയൻ ദ്വീപ് മാർപാപ്പ സന്ദർശിക്കും.
അധികാരരാഷ്ട്രീയത്തെയാണ് തന്റെ പ്രസംഗത്തിൽ മാർപാപ്പ പരാമർശിച്ചത്. ചർച്ചകളിൽ ഊന്നിയ സഹകരണത്തിൽ നിന്നും ലോകം അധികാരരാഷ്ട്രീയത്തിന്റെ വഴിയെ സഞ്ചരിക്കുകയാണ് എന്നാണ് മാർപാപ്പ പറഞ്ഞത്. അന്താരാഷ്ട്ര വിഷയങ്ങളിൽ സൈന്യം ഇടപെടുന്നതിനെയും മാർപാപ്പ വിമർശിച്ചിരുന്നു. 'സംവാദത്തെ പ്രോത്സാഹിപ്പിക്കുകയും എല്ലാ കക്ഷികൾക്കിടയിലും സമവായം തേടുകയും ചെയ്യുന്ന ഒരു നയതന്ത്രം ബലപ്രയോഗത്തിൽ അധിഷ്ഠിതമായ ഒരു നയതന്ത്രത്താൽ മാറ്റിസ്ഥാപിക്കപ്പെടുന്നു' എന്നാണ് മാർപ്പാപ്പ പറഞ്ഞത്.
Content Highlights: The United States has reportedly threatened a Vatican representative over its stance on the Iran–US–Israel conflict. The envoy was summoned to the Pentagon, where the warning was allegedly issued.