പയ്യന്നൂരിൽ CPIM വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു;തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു: വി കുഞ്ഞികൃഷ്ണൻ

വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നുവെന്ന് വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍. രാവിലെ മുതല്‍ കള്ളവോട്ട് ചെയ്യുന്നുവെന്നും ഉച്ചയ്ക്ക് ശേഷം അത് വ്യാപകമായി ചെയ്യുന്നുവെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വെള്ളൂര്‍, കാറമേല്‍, കണ്ടോത്ത് മേഖലകളില്‍ കള്ളവോട്ട് ചെയ്യുന്നു. പ്രിസൈഡിങ് ഓഫീസര്‍മാര്‍ ഇടപെടുന്നില്ല. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നു. വോട്ടര്‍പട്ടികയില്‍ ഫോട്ടോയുണ്ട്. വ്യാജ ഐഡി കാര്‍ഡില്‍ വേറെ ഫോട്ടോയാണുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം കള്ളവോട്ടിന് കൂട്ട്‌നില്‍ക്കുന്നു', വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തൃക്കരിപ്പൂരിലും കള്ളവോട്ട് പരാതി ഉയര്‍ന്നിട്ടുണ്ട്. പിലിക്കോട്-പുത്തിലോട് 137 ബൂത്തില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി. കള്ളവോട്ട് തടഞ്ഞ ബൂത്ത് ഏജന്റിനെ മര്‍ദിച്ചുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ ആരോപിച്ചു. റീപോളിങ് വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് രേഖപ്പെടുത്തിയ കണക്ക്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതുന്നത്.

Content Highlights: Payyannur UDF candidate V Kunjikrishnan says CPIM doing fake vote

To advertise here,contact us