കൽപറ്റ: കാസര്‍കോട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെതിരായ വനിതാ ലീഗ് നേതാവ് ആയിഷാ ഫര്‍സാനയുടെ 'മുനാഫിഖ്' പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ . വിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ പറഞ്ഞു.
'കപട വിശ്വാസിയുടെ പണി എടുക്കുന്നവന്' എന്നാണ് ഷാനവാസ് പാദൂരിനെവനിതാ ലീഗ് നേതാവ് ആയിഷത്ത് ഫര്‍സാന വിളിച്ചത്. മുളേളരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.
ഷാനവാസ് പാദൂരിന്റെ ഇലക്ഷന് ഏജന്റ് കെ എ മുഹമ്മദ് ഹനീഫാണ് പരാതി നല്‍കിയത്. വനിതാ ലീഗ് നേതാവിന്റെ പ്രസംഗം നാട്ടില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുളളതാണെന്നും അതിലുപയോഗിക്കുന്ന മുനാഫിഖ് എന്ന അറബി വാക്ക് മനപ്പൂര്‍വ്വം സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചതാണെന്നും പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുന്നതിന് വേണ്ടി സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുകയും സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുകയും ചെയ്ത ആയിഷത്ത് ഫര്‍സാനയ്ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണം ജനങ്ങള്‍ തള്ളിക്കളയുമെന്നും അവസാന ഘട്ടത്തില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത് മുസ്ലിം ലീഗിന്റെ സ്ഥിരം രീതിയാണെന്നുമായിരുന്നു ഷാനവാസ് പാദൂര്‍ പ്രതികരിച്ചത്.
Content Highlights: kumbol thangal against woman league leader on hate speech against shanavas padoor