'മനുഷ്യനെ തെറ്റിക്കാനുള്ള പരാമർശം,ജനം ഇവരെ മാറ്റി നിർത്തും';PK കൃഷ്ണദാസിന്റെ വർഗീയ പരാമർശത്തിൽ UDF സ്ഥാനാർത്ഥി

മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം ആര്‍ ബൈജു പറഞ്ഞു

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി കെ കൃഷ്ണദാസിന്റെ മതവിദ്വേഷ പ്രസംഗത്തില്‍ പ്രതികരണവുമായി കാട്ടാക്കട യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ആര്‍ ബൈജു. എങ്ങനെ ഇവര്‍ക്ക് ഇത് പറയാന്‍ കഴിയുന്നുവെന്ന് എം ആര്‍ ബൈജു ചോദിച്ചു. മനുഷ്യനെ തെറ്റിക്കാനുള്ള പരാമര്‍ശമാണ് പി കെ കൃഷ്ണദാസ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

'ജനങ്ങള്‍ ഇവരെ മാറ്റി നിര്‍ത്തും. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വപ്നത്തില്‍ പോലും ആലോചിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ് പറയുന്നത്. മാപ്പ് അര്‍ഹിക്കാത്ത കുറ്റമായി ഇത് ചാര്‍ത്തപ്പെടും. പരാതി കൊടുക്കുന്നത് ആലോചിച്ചു മുന്നോട്ട് പോകും',എം ആർ ബൈജു കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ വരരുതെന്നും വന്നാല്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന്റെ ഭാഗമാക്കുമെന്നായിരുന്നു പി കെ കൃഷ്ണദാസിന്റെ പരാമര്‍ശം. ഹിന്ദു, ക്രൈസ്തവ കുടുംബങ്ങളിലുളളവര്‍ സൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

'പാക് അനുകൂല സംഘടനകളുമായാണ് ഇവര്‍ക്ക് ബന്ധം. പാകിസ്താൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെയും കോണ്‍ഗ്രസ് ഗവണ്‍മെന്റിനെയും നിയന്ത്രിക്കാന്‍ പോകുന്നത്. അതുകൊണ്ട് ഹിന്ദു- ക്രൈസ്തവ വീടുകളിലുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്നതാവും കേരളത്തില്‍ നടക്കാന്‍ പോകുന്നത്', പി കെ കൃഷ്ണദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

Content Highlights: Kattakkada UDF candidate about P K Krishnadas contrary statement

To advertise here,contact us