ആലപ്പുഴ: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയ്ക്കെതിരെ അധിക്ഷേപവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. സുജാത നായന്മാരുടെ വീട്ടിലെ പോകൂ എന്നാണ് സുധാകരൻ പറഞ്ഞത്. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴയിൽ വന്നുനിൽക്കുകയാണ്. നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകൻ പറഞ്ഞു. ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാർ ആണെന്നും ഭുവനേശ്വരനെ കൊല്ലാനുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകളാണെന്നും ജി സുധാകരൻ പറഞ്ഞു. നേരത്ത നായർ ഗുണ്ടകളാണ് ഭുവനേശ്വരനെ കൊന്നതെന്നായിരുന്നു ജി സുധാകരൻ പറഞ്ഞിരുന്നത്.
നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരൻ രംഗത്തുവന്നിരുന്നു. നവകേരളമുണ്ടായത് പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷമല്ല എന്നാണ് ജി സുധാകരന് പറഞ്ഞത്. 1956 നവംബര്‍ ഒന്നിനാണ് നവകേരളമുണ്ടായത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാര്‍ക്കുമില്ലെന്നും സുധാകരന് പറഞ്ഞിരുന്നു.
ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെടുത്തത് എന്തിനായിരുന്നു. ഇത്തരക്കാരെക്കൊണ്ടാണ് മന്ത്രിസഭ ഉണ്ടാക്കിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാന് ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഐഎമ്മിന് രണ്ടായി ചുരുങ്ങി. സജി ചെറിയാന് പറഞ്ഞിട്ടാണ് ഗോപകുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ജി സുധാകരന് പറഞ്ഞിരുന്നു.
Content Highlights: UDF independent candidate G Sudhakaran has sparked controversy with remarks against C S Sujatha during the election campaign in Ambalappuzha.