ക്രൈസ്തവ സഭകളുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു; FCRA പൗരാവകാശ ലംഘനം: പാംപ്ലാനി

ഏത് മുന്നണി അധികാരത്തില്‍ വന്നാലും സഭ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും പാംപ്ലാനി

തലശ്ശേരി: ക്രൈസ്തവ സഭകളുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചതായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കൃത്യമായ വിശദീകരണമില്ലാതെയാണ് കേന്ദ്രം സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

എന്നാല്‍ ഏത് മുന്നണി അധികാരത്തില്‍ വന്നാലും സഭ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രത്യേക ക്രൈസ്തവ വോട്ട് ബാങ്ക് രൂപീകരിക്കാന്‍ സഭ ഉദ്ദേശിക്കുന്നില്ല. ആരില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പ്രഖ്യാപിത നിലപാടില്‍ ഉറച്ച് നില്‍ക്കും', പാംപ്ലാനി പറഞ്ഞു.

ക്രിസ്ത്യന്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്ന് പാംപ്ലാനി പറഞ്ഞു. ഐക്യത്തോടെ നില്‍ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയാല്‍ വിശ്വാസികള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അതിന് സഭ ഇടപെടേണ്ട ആവശ്യമില്ലെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ പൗരാവകാശ ലംഘനമാണെന്ന് പാംപ്ലാനി പറഞ്ഞു. ഇത് ഒരു ക്രിസ്ത്യന്‍ പ്രശ്‌നമല്ലെന്നും വിദേശത്ത് നിന്ന് വളരെ വലിയ സംഭാവനകള്‍ സ്വീകരിക്കുന്ന നിരവധി സമുദായ സംഘടനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Bishop mar joseph Pamplani about FCRA

To advertise here,contact us