മലപ്പുറം: ശശി തരൂര്‍ എംപിയുടെ ഗണ്മാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്.
എംപിയുടെ കാറിന് മുന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റ ശ്രമം നടത്തിയത്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി. ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു ശശി തരൂര്‍ എംപി. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഗണ്‍മാനെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
Content Highlights: Attempted assault on Shashi Tharoor MP's gunman; Case filed against five people