കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗം. എക്സ്റ്റേണല്‍ അംഗമായ അഡ്വ. മുഹമ്മദ് സിയാദ് ആണ് രഞ്ജിത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. മറ്റൊരു അഭിഭാഷകയുടെ ഫോണ്‍ നമ്പറാണ് അഡ്വ. മുഹമ്മദ് സിയാദിന്റെ പേരില്‍ ഐസിസിയില്‍ നല്‍കിയിരിക്കുന്നത്.
ഐസിസിയില്‍ നിന്ന് ഇന്നലെ രാത്രി രാജിവെച്ചെന്നാണ് അഡ്വ. മുഹമ്മദ് സിയാദ് നല്കുന്ന വിശദീകരണം. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രതികരണം. ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.
സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. മാനസികമായി തകര്‍ന്ന നിലയിലാണ് പരാതിക്കാരിയെന്നും കമ്മീഷണര്‍ പറഞ്ഞു. 'ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് സംഭവം നടന്നത്. അവിടെയുണ്ടായിരുന്ന എല്ലാവര്ക്കും അറിയും. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. അവരാണ് സമാധാനപ്പെടുത്തിവിട്ടത്. അതിജീവിത മാനസികമായി തളര്‍ന്ന അവസ്ഥയിലാണ്. ഷോക്കായിരുന്നു. കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്. കരഞ്ഞുകൊണ്ടാണ് ഇവിടെ വന്നത്. വലിയ ആളാണ് എതിരെ നില്‍ക്കുന്നത് എന്നതായിരുന്നു പെണ്‍കുട്ടിക്ക് മുന്നിലുള്ള വെല്ലുവിളി', കാളിരാജ് മഹേഷ് കുമാര്‍ വിശദീകരിച്ചു.
നേരത്തെയും ഇത്തരം രണ്ട് കേസുകള്‍ പ്രതിക്കെതിരെ ഉണ്ടായിരുന്നു. രണ്ട് ദിവസമായി പ്രതിയെ പിന്തുടരുന്നുണ്ടായിരുന്നു. സെന്‍സിറ്റീവ് ആയ കേസ് ആയതിനാല്‍ എസ്ഐടി രൂപീകരിച്ച് അന്വേഷിച്ചുവരികയാണെന്നും സ്ത്രീകള്‍ക്ക് നേരെ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകരുത്. പ്രത്യേകിച്ചും ജോലിസ്ഥലത്തെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. നടി ഐസിസിക്ക് പരാതിപ്പെട്ടോയെന്നതടക്കം രഹസ്യാത്മകയാണ്. തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യാനുസരണം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
Content Highlights: A member of the Committee on Internal Affairs appeared for director Ranjith case