എൻഡിഎ കേരളത്തിൽ സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യും, ലക്ഷ്യം ജനങ്ങളുടെ സ്വപ്‌നസാക്ഷാത്ക്കാരം: നരേന്ദ്ര മോദി

'എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ബി ടീമല്ല ബിജെപി. എ ടീമാണ്'

പാലക്കാട്: കേരളത്തില്‍ ബിജെപിയും എന്‍ഡിഎ മുന്നണിയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പിന്തുണയോടെ ഇവിടെ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിലെ ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. കേരളത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തി. പത്ത് വര്‍ഷം കേരളത്തിന് ലഭിച്ചതിലും അഞ്ചിരട്ടി ലഭിച്ചു. റെയില്‍വെ, കൃഷി വികസനം, നഗരവികസനം തുടങ്ങി വിവിധ മേഖലകളില്‍ സഹായം നല്‍കിയെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ട മൈതാനിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാലക്കാടിനെ പുകഴ്ത്തിക്കൊണ്ടായിരുന്നു മോദി തുടങ്ങിയത്. കേരളം സുന്ദരമെന്നത് പാലക്കാട് എത്തുമ്പോള്‍ അറിയും എന്ന് മോദി പറഞ്ഞു. പാലക്കാട് കേരളത്തിലേക്കുള്ള കവാടമാണ്, ബിജെപിയുടെ കവാടമാണ്. കേരളത്തിന്റെ പ്രതിഭയുടെയും അധ്വാനത്തിന്റെയും കേന്ദ്രം കൂടിയാണ് പാലക്കാട്. വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്കും പാലക്കാട് വിശേഷപ്പെട്ടതാണെന്ന് മോദി പറഞ്ഞു. ഇതിന് ശേഷം എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്.

രണ്ട് മുന്നണികളും ചേര്‍ന്ന് വര്‍ഷങ്ങളായി കേരളത്തെ കൊള്ളയടിച്ചുവെന്ന് മോദി പറഞ്ഞു. കേരളത്തില്‍ യുഡിഫ് പ്രചാരണായുധമാക്കിയ ഡീല്‍ ആരോപണത്തിലും മോദി പ്രതികരിച്ചു. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സിപിഐഎം ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസും പറയുന്നു. എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ബി ടീമല്ല ബിജെപി. എ ടീമാണ്. ഈ തെരഞ്ഞെടുപ്പില്‍ എ ടീമായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് ബിജെപി മാത്രമാണെന്ന് ഈ രണ്ട് കൂട്ടരും സമ്മതിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

സര്‍ക്കാരിനെതിരെയും മോദി തിരിഞ്ഞു. കേന്ദ്രം നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ കട്ടുമുടിച്ചെന്നും മോദി ആരോപിച്ചു. ജനങ്ങള്‍ക്കായി നല്‍കിയ പണമാണ് കൊള്ളയടിച്ചത്. കേരളം വന്‍ കടക്കെണിയിലാണ്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ എല്ലാ അഴിമതിയും പുറത്തുകൊണ്ട് വരും. കേരളത്തിന് നീതി ഉറപ്പാക്കും. പ്രകൃതി അനുഗ്രഹിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. വലി സാധ്യതകള്‍ കേരളത്തിലുണ്ട്. എന്നിട്ടും കേരളത്തിലെ യുവാക്കള്‍ ജോലി അന്വേഷിച്ച് രാജ്യം വിടുകയാണ്. പാലക്കാട് ജില്ലയില്‍ നിരവധി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് എംഎല്‍എമാരുണ്ട്. നാളിതുവരെ ഒരു പ്രയോജനവും പാലക്കാടിനുണ്ടായിട്ടില്ലെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും മോദി വിമര്‍ശനം ഉന്നയിച്ചു. പാലക്കാട് എംഎല്‍എ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു. അതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം. സ്ത്രീ സുരക്ഷയ്ക്ക് മറ്റൊരു കോണ്‍ഗ്രസ് നേതാവും ഭീഷണി സൃഷ്ടിക്കുകയാണ്. ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും മോദി കൂട്ടിച്ചേർത്തു.

Content Highlights- Narendra Modi stated that the NDA is determined to form a government in Kerala, highlighting that the goal is to fulfill the aspirations of the people

To advertise here,contact us