തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വെൽഫെയർ പാർട്ടി ഇറങ്ങും. ലഘുലേഖ വിതരണം മുതൽ കലാശക്കൊട്ടിനുവരെ വെൽഫെയർ പ്രവർത്തകർ രംഗത്തിറങ്ങാൻ തീരുമാനമായെന്ന് സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അറിയിച്ചു.
വട്ടിയൂർക്കാവിലും പൂഞ്ഞാറിലും ത്രികോണ മത്സരം ഉണ്ടാകില്ല. രണ്ടിടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തന്നെയാണ് വെൽഫെയർ പാർട്ടി വോട്ട് നൽകുക. ബിജെപിക്ക് വിജയസാധ്യതയുള്ള നേമം, കഴക്കൂട്ടം, മലമ്പുഴ പോലുള്ള മണ്ഡലങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന് സർവ്വേയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനമെടുക്കുകയെന്നും റസാഖ് പാലേരി പറഞ്ഞു.
ബിജെപിക്ക് കേരള രാഷ്ട്രീയത്തിലും നിയമസഭയിലും കാലുകുത്താൻ വഴി ഒരുക്കരുതെന്നതാണ് തങ്ങളുടെ തീരുമാനത്തിൻ്റെ പോയിൻ്റെന്നും റസാഖ് പാലേരി പറഞ്ഞു. ബിജെപിക്ക് വഴി ഒരുക്കുന്ന തരത്തിലുള്ള ഡീലുകൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്. ഇത്തരം സമീപനങ്ങൾ ഇടത് പക്ഷത്തിൻ്റെയും സിപിഐഎമ്മിൻ്റെയും ഭാഗത്തുനിന്ന് സംഭവിക്കുമ്പോൾ അതിനെ പ്രതിരോധിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ടാണ് യുഡിഎഫിനെ തങ്ങൾ പിന്തുണയ്ക്കുന്നത്. യുഡിഎഫിലെ എല്ലാം സ്ഥാനാർത്ഥികളെയും ഒരുപോലെ പിന്തുണയ്ക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി.
Content Highlight : The Welfare Party has decided to campaign for UDF candidates in the upcoming Assembly elections.