കെ മുരളീധരൻ പരാജയം ഉറപ്പിച്ച് കഴിഞ്ഞു, തോറ്റ ശേഷം പറയാൻ പോകുന്ന ന്യായീകരണം ഇപ്പോഴേ പറയുന്നു: വി കെ പ്രശാന്ത്

രാവിലെ ആര്‍ ശ്രീലേഖക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി പ്രശാന്തിനൊപ്പമാണെന്ന് കെ മുരളീധരന്‍ ആരോപിച്ചിരുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ പരാജയം ഉറപ്പിച്ചുകഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. അതുകൊണ്ടാണ് മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് ആരോപിക്കുന്നത്. തോറ്റതിന് ശേഷം പറയാന്‍ പോകുന്ന ന്യായീകരണം ഇപ്പോഴെ പറയുന്നതായി കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു.

രാവിലെ ആര്‍ ശ്രീലേഖക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി പ്രശാന്തിനൊപ്പമാണെന്ന് കെ മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതിനായിരുന്നു വി കെ പ്രശാന്തിന്റെ മറുപടി.

രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന വട്ടിയൂര്‍ക്കാവ് 2019 ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 2021 ല്‍ വി കെ പ്രശാന്ത് വിജയം ആവര്‍ത്തിക്കുകയായിരുന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തിയത്. 2016ല്‍ കെ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തുകയും ബിജെപി കുമ്മനം രാജശേഖരനിലൂടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2019ല്‍ കെ മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വി കെ പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.

Content Highlights: LDF candidate VK Prashanth against udf candidate K Muraleedharan

To advertise here,contact us