തിരുവനന്തപുരം: ജി സുധാകരനോട് സിപിഐഎം ചെയ്തത് കടുത്ത അനീതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാക്കാലത്തും ജനാധിപത്യ മര്യാദ കാണിച്ച പൊതുപ്രവർത്തകനാണ് സുധാകരൻ എന്നും പാർട്ടി ശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് സിപിഐഎം സുധാകരനോട് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന വ്യക്തിയാണ് സുധാകരൻ എന്നും അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പൊതുപ്രവർത്തകനാണ് അദ്ദേഹമെന്നും ചെന്നിത്തല പുകഴ്ത്തി.
സ്വതന്ത്രനായി മത്സരിക്കുന്ന സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം കോൺഗ്രസ്, യുഡിഎഫ് നേതൃത്വങ്ങൾ പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരൻ നിയമസഭയിൽ വരുന്നത് നല്ലതാണ് എന്നാണ് തന്റെ അഭിപ്രായം. വിഷയത്തിൽ പെട്ടെന്ന് അഭിപ്രായം പറയുക സാധ്യമല്ല. ആലപ്പുഴ ജില്ലയിലെ നേതാക്കളുമായും പാർട്ടിയുമായും കൂടിയാലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സുധാകരനെ സിപിഐഎം പുറത്തുചാടിച്ചതാണ്. രക്തസാക്ഷി കുടുംബമാണ് സുധാകരന്റേത്. അദ്ദേഹത്തോട് പാർട്ടി കാണിച്ചത് കനത്ത വഞ്ചനയാണെന്നും ചെന്നിത്തല വിമർശിച്ചു.
ജി സുധാകരന്റെ കാര്യത്തിൽ യുഡിഎഫ് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണ്. താൻ ഇതുവരെ സുധാകരനുമായി ബന്ധപ്പെട്ടിട്ടില്ല എന്നും മറ്റുനേതാക്കൾ സംസാരിച്ചോ എന്ന് അറിയില്ല എന്നും സണ്ണി ജോസഫ് പറഞ്ഞു. സുധാകരൻ മുന്നോട്ട് വെച്ചത് ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. നേതൃത്വത്തെ വെട്ടിലാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അതിന് സിപിഎമ്മിന് മറുപടി ഉണ്ടാകുമെന്ന് കരുതുന്നില്ല എന്നും സുധാകരൻ പറഞ്ഞു.
അല്പസമയം മുൻപ് പുന്നപ്രയിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന് വ്യക്തമാക്കിയിരുന്നു. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന് പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയില്ല. പാര്‍ട്ടിയില്‍ നിന്ന് മാറികൊടുത്തു. താന്‍ കാരണം പാര്‍ട്ടിക്ക് ഇനി തലവേദനയാകില്ലെന്നും സുധാകരന് പറഞ്ഞു. അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന് തനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അത് വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോര്‍ട്ടില്‍ തന്റെ വാദങ്ങള്‍ ചേര്‍ത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍ ആലപ്പുഴ ജില്ലയിലെ അംഗങ്ങള്‍ ഒഴികെ ആരും തന്നെ പിന്തുണച്ചില്ല. മറ്റുള്ളവര്‍ നിശബ്ദരായിരുന്നു. അവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നുമാണ് ജി സുധാകരന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
വിമര്‍ശനങ്ങള്‍ക്ക് കീഴടങ്ങില്ല എന്നും പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും എന്നും സുധാകരൻ ആഞ്ഞടിച്ചു. ഞാൻ എംഎല്‍എയും മന്ത്രിയുമായി. ഇനി എന്താ അയാള്‍ക്ക് വേണ്ടതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അത് മാര്‍ക്സിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിന് റഷ്യയിലെ ഭരണാധികാരിയായിരുന്നു. മാവോയും കാസ്ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാന്‍ പറയുമോയെന്നും ജി സുധാകരന് ചോദിച്ചു.
Content Highlights: Congress leader Ramesh Chennithala criticized CPI(M) for its treatment of G Sudhakaran, calling it highly unfair. KPCC Chairman Sunny Joseph stated that the UDF would take an appropriate decision regarding G Sudhakaran’s political future.