അഴീക്കോട് മണ്ഡലത്തില്‍ കൂടുതല്‍ ജനകീയനായി കെ വി സുമേഷ്; സര്‍വേയില്‍ മിന്നുന്ന പെര്‍ഫോമന്‍സ്

സിപിഐഎം യുവ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും മികച്ച റേറ്റിങ്ങാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ നേടിയിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ മികച്ച റേറ്റിംഗ് നേടിയ നേതാക്കളില്‍ ഒരാളാണ് അഴീക്കോട് എംഎല്‍എ കെ വി സുമേഷ്. മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ 86.4 റേറ്റിങ്ങോടെ നാലാം സ്ഥാനമാണ് കെ വി സുമേഷ് നേടിയിരിക്കുന്നത്.

2021-ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയെ 6,141 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ വി സുമേഷ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ട് തവണ കെ എം ഷാജി വിജയിച്ച മണ്ഡലമാണ് സുമേഷ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ 1 മുതല്‍ 13 വരെ ഡിവിഷനുകളും 54, 55 ഡിവിഷനുകളും അഴീക്കോട്, ചിറക്കല്‍, വളപ്പട്ടണം, പാപ്പിനിശേരി, നാറാത്ത് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് അഴീക്കോട് നിയമസഭാ മണ്ഡലം.

1977-ല്‍ രൂപീകൃതമായ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ ചടയന്‍ ഗോവിന്ദനായിരുന്നു ആദ്യത്തെ എംഎല്‍എ. പിന്നീട് പി ദേവൂട്ടി, ഇ പി ജയരാജന്‍, ടി കെ ബാലന്‍ ടി കെ ബാലന്‍, എം പ്രകാശന്‍ തുടങ്ങിയവരെയെല്ലാം വിജയിപ്പിച്ച് അഴീക്കോട് ചുവന്നുതന്നെ തുടര്‍ന്നു. എന്നാല്‍ 2011-ലെ തെരഞ്ഞെടുപ്പില്‍ എം പ്രകാശനെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി വിജയിച്ചു.

2016-ല്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന എം വി നികേഷ് കുമാറിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കെ എം ഷാജിയെ തന്നെ അഴീക്കോട് വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. 2021-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി സുമേഷിനെയാണ് സിപിഐഎം രംഗത്തിറക്കിയത്. ആ ശ്രമം വിജയം കണ്ടു. ആറായിരത്തിലേറെ വോട്ടുകള്‍ക്ക് സുമേഷ് മണ്ഡലത്തില്‍ വിജയിച്ചു. ഇക്കുറിയും അഴീക്കോട് നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുക കെ വി സുമേഷിനെ തന്നെയായിരിക്കും.

Content Highlights: Reporter Online Election Survey ranking of Azheekode MLA K V Sumesh

To advertise here,contact us