തിരുവനന്തപുരം: വിവാദ ചിത്രം 'കേരള സ്റ്റോറി 2' വിന്റെ' റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ, അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിദ്വേഷം പടർത്തുന്ന ഇത്തരം വ്യാജ നിർമ്മിതികളെ പ്രതിരോധിക്കാൻ നിയമവഴികൾ തേടിയത് മാതൃകാപരമായ പ്രവർത്തനമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ നമുക്ക് ഒറ്റക്കെട്ടായി ചെറുക്കാമെന്നും കുറിപ്പിൽ പറയുന്നു.
സിനിമക്കെതിരെ നേരത്തെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്നും നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. ബീഫ് എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സിനിമയുടെ റിലീസ് തടഞ്ഞ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തവിറക്കിയത്. കേരള സ്റ്റോറി 2വിന് പ്രദർശനാനുമതി നൽകരുതെന്നും ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി. 15 ദിവസത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് ബെച്ചു കുര്യനാണ് ഇടക്കാല ഉത്തരവിട്ടത്. കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശിയായ ഫ്രെഡി ഫ്രാൻസിസുമാണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം സിനിമ സ്റ്റേ ചെയ്തതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതിയിൽ ഇന്നലെ രാത്രിയിൽ പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. വാദം പൂർത്തിയാക്കിയ ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റിയിരിക്കയാണ്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തതിനെതിരെ നിർമാതാവ് വിപുൽ ഷാ നൽകിയ അപ്പിലാണ് രാത്രിതന്നെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്.
Content Highlights: Chief Minister Pinarayi Vijayan welcomed the decision of the Kerala High Court to block the release of the controversial film Kerala Story 2