സ്റ്റേജ് മാനേജ് ചെയ്യാന്‍ പോലും കഴിയാത്തവര്‍ എങ്ങനെ ഒരു സ്റ്റേറ്റ് മാനേജ് ചെയ്യും?: എം വി ഗോവിന്ദന്‍

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ നടന്ന സംഭവങ്ങളായിരുന്നു വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

'ജനത്തിരക്കല്ല കണ്ടത്. സ്റ്റേജിലെ തിരക്ക് ആണ്. ഒരു സ്റ്റേജ് മാനേജ്‌മെന്റ് പോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സ്റ്റേറ്റ് മാനേജ്‌മെന്റ് നടത്താനാവുക. അതൊക്കെ ജനം കണ്ടതാണ്. പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് ഇവിടെ മാത്രമല്ല. പരസ്പര സ്‌നേഹത്തോടെ സ്റ്റേജ് മാനേജ് ചെയ്യാന്‍ കഴിയുന്നില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് കേരളം പോലൊരു നാടിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുക', എം വി ഗോവിന്ദന്‍ ചോദിച്ചു.

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ നടന്ന സംഭവങ്ങളായിരുന്നു വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുന്‍പ് ഷാഫി പറമ്പില്‍ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്നത്തിന് കാരണമായതെന്നായിരുന്നു വിവരം. ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ നേതാക്കള്‍ക്ക് സമയം കൊടുക്കണമെന്ന് ഷാഫി പറഞ്ഞതോടെ ഷാഫി സംസാരിക്കൂവെന്നായി തര്‍ക്കം. തര്‍ക്കം പിടിവലി ആയതിന് പിന്നാലെ ഹ്രസ്വമായി ഷാഫി പ്രസംഗിച്ചു. 'ഞാന്‍ പ്രസംഗിക്കാനില്ല. നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ അതില്‍ കുറ്റ്യാടിയും ഉണ്ടാകും' എന്നുമാത്രമായിരുന്നു ഷാഫിയുടെ വാക്കുകള്‍.

അതേസമയം നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. വേദിയില്‍ വടകര എംപി ഷാഫി പറമ്പില്‍ പ്രസംഗിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴുണ്ടായ സ്നേഹതള്ളല്‍ മാത്രമാണ് അതെന്നും ഉന്തും തള്ളുമായി വ്യാഖ്യാനിക്കരുതെന്നുമായിരുന്നു പ്രവീണ്‍ കുമാറിന്റെ വിശദീകരണം.

Content Highlights: How can those who can't even manage a stage manage a state mv govindan mocks congress

To advertise here,contact us