ശബരിമല സ്വർണ്ണക്കൊള്ള കേസ്; എന്‍ വാസുവിന് സ്വാഭാവിക ജാമ്യം

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു ജാമ്യം തേടിയത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു എൻ വാസു ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യനീക്കം. ശബരിമല കട്ടിളപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് എൻ വാസു ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ചിൽ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കട്ടിളപ്പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറിയായിരുന്ന എസ് ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാളികൾ കടത്തിയെന്നും ദേവസ്വം ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചപറ്റിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. പിന്നാലെയാണ് പ്രതി ചേര്‍ത്തത്.

2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവര്‍ത്തിച്ചു. പി കെ ഗുരുദാസന്‍ എക്സൈസ് മന്ത്രിയായിരുന്ന സമയത്ത് വാസു പേഴ്സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlights: Sabarimala Gold case N Vasu granted Bail

To advertise here,contact us