സാമ്പത്തിക ഇടപാടുകള്‍ മറച്ചുവെച്ചു; ആന്റോ ആന്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം

'തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എന്‍ എം രാജുവിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയതായി എം പി സമ്മതിച്ചിരുന്നു. കളവായ കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആന്റോ ആന്റണി നല്‍കിയത്'

പത്തനംതിട്ട: ആന്റോ ആന്റണി എംപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗവും അടൂര്‍ ഏരിയാ സെക്രട്ടറിയുമായ എസ് മനോജ്. കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിലാണ് എംപി തെരഞ്ഞെടുപ്പ് കണക്കുകള്‍ നല്‍കിയതെന്ന് ആരോപിച്ചാണ് പരാതി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ആവശ്യത്തിനായി എന്‍ എം രാജുവിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയതായി എം പി സമ്മതിച്ചിരുന്നു. കളവായ കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആന്റോ ആന്റണി നല്‍കിയത്. പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ മറച്ചുവെച്ചാണ് സത്യവാങ്മൂലം നല്‍കിയത് എന്നും പരാതിയില്‍ പറയുന്നു.

സമാന ആരോപണങ്ങള്‍ ഉന്നയിച്ച് മനോജ് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ് നേതാവായ എന്‍ എം രാജു ആന്റോ ആന്റണി എംപിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സിപിഐഎം നീക്കം. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പക്കല്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും പിന്നീട് കാല് പിടിച്ച് ആവശ്യപ്പെട്ടിട്ടും 20 ലക്ഷം രൂപ മാത്രമാണ് തന്നത് എന്നുമായിരുന്നു എന്‍ എം രാജുവിന്റെ ആരോപണം. ഇതിന് മറുപടിയുമായി ആന്റോ ആന്റണി എംപി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നുമായിരുന്നു ആന്റോ ആന്ണിയുടെ വിശദീകരണം.

Content Highlights: CPIM files complaint against Anto Antony with Election Commission

To advertise here,contact us