ലൈംഗികാതിക്രമക്കേസ്: പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു; ചലച്ചിത്ര പ്രവർത്തകരുൾപ്പടെ 6 സാക്ഷികൾ

ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് ഹോട്ടൽ മുറിയിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ചലച്ചിത്ര പ്രവർത്തകരടക്കം ആറ് സാക്ഷികളാണുള്ളത്.

ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെന്ന പേരിൽ തലസ്ഥാനത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവർത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരി പരാതിയിൽ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.

അതേസമയം കേസിൽ ഡിസംബർ 24ന് കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു ഇത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയാണ് കുഞ്ഞുമുഹമ്മദ് തനിക്കെതിരായ അനുകൂല വിധി കോടതിയിൽനിന്നും നേടിയത്. കുഞ്ഞുമുഹമ്മദിന്‍റെ അറസ്റ്റ് വൈകിയതിൽ കടുത്ത വിമർശനവും ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു.

Content Highlights: charge sheet has been filed against director PT Kunju muhammed in a case of indecent behavior towards a women film director in a hotel room at thiruvananthapuram

To advertise here,contact us