ചോദ്യം ചെയ്യൽ മുഖ്യമന്ത്രി നടത്തുന്ന കസർത്തിൻ്റെ ഭാ​ഗം, എസ്ഐടി മുഖ്യമന്ത്രിക്ക് കീഴിൽ: കെ മുരളീധരന്‍

'റിപ്പോർട്ട് മാത്രമാണ് എസ്ഐടി ഹൈക്കോടതിക്ക് നൽകുന്നത്. ഉത്തരവ് ഇടുന്നത് മുഖ്യമന്ത്രിയാണ്'

തൃശ്ശൂർ : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ റിപ്പോർട്ടറിനോട് പറഞ്ഞു. പോറ്റിക്കൊപ്പം മുഖ്യമന്ത്രിയുടെയും ഫോട്ടോ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ രക്ഷിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കസർത്തിൻ്റെ ഭാ​ഗമായാണ് എസ്ഐടിയുടെ നടപടിയെന്നും മുരളീധരൻ പ്രതികരിച്ചു.

എസ്ഐടി ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലാണെന്നും ഹൈക്കോടതിക്ക് കീഴിലല്ലെന്നും മുരളീധരൻ വിമർശിച്ചു. റിപ്പോർട്ട് മാത്രമാണ് എസ്ഐടി ഹൈക്കോടതിക്ക് നൽകുന്നത്. ഉത്തരവ് ഇടുന്നത് മുഖ്യമന്ത്രിയാണ്. പോറ്റിയെ കേറ്റിയതും സ്വര്‍ണം കട്ടതും സിപിഐഎം ആണ്. എസ്‌ഐടിയുടെ ചോദ്യം ചെയ്യൽ നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യുഡിഎഫിൻ്റെ പുതുയുഗ യാത്ര'യിലെ ആളുകളെ കണ്ട് മുഖ്യമന്ത്രിയുടെ സമനിലതെറ്റി. ജാഥയ്ക്ക് ഇതൊന്നും തിരിച്ചടിയാകില്ല. യഥാര്‍ത്ഥ കളളന്മാരെ രക്ഷിക്കാൻ നോക്കേണ്ടെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ അവരെ പിടിച്ച് അകത്തിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിക്കാർ ജയിലിൽ കിടക്കുമ്പോൾ അവർക്കെതിരെ നടപടി എടുക്കാൻ ധൈര്യമില്ലാത്ത മുഖ്യമന്ത്രി എങ്ങനെയെങ്കിലും ഈ കുറ്റം മറ്റുള്ളവരിൽ ചാർത്താൻ ശ്രമിക്കുകയാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2004 ൽ താൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോളാണ് പോറ്റിയ്ക്ക് കയറാൻ അവസരം ഒരുക്കിയതെന്നാണ് ആരോപണം. എസ്‌ഐടി അന്വേഷിക്കട്ടെയെന്നും തന്റെ പ്രവർത്തനം എങ്ങനെ എന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. പോറ്റിയുടെ ഒപ്പമുള്ള തൻ്റെ ഫോട്ടോ കിട്ടാൻ ഒരുപാട് ശ്രമിച്ചിട്ടും ഇതുവരെ കിട്ടിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. വേറുതെ ആരെയെങ്കിലും ചെളിവാരിയെറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി പോകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് തങ്ങൾ നേരെത്തെ പറഞ്ഞതാണ്. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾക്ക് ആർക്കും ജയിലിൽ പോകേണ്ടി വരില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. പോറ്റിക്കൊപ്പം മുഖ്യമന്ത്രിയുടെയും ഫോട്ടോ ഉണ്ടല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. എസ്ഐടി ഭാഗികമായ കുറ്റപത്രം പോലും സമ്മർപ്പിച്ചില്ല. എല്ലാവർക്കും ജാമ്യം ലഭിക്കുന്ന നടപടിയാണ് എസ്ഐടി നടത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണം നടത്തട്ടെ. തങ്ങൾക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺ​ഗ്രസിനെ മോശക്കാരനാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight : Senior Congress leader K. Muraleedharan reacted UDF convener Adoor Prakash was questioned by the SIT in connection with the Sabarimala gold theft case.

To advertise here,contact us