ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലെ അപകടം: രക്തപരിശോധന വൈകി, പൊലീസ് വീഴ്ച വരുത്തിയോ?; പരിശോധിക്കാന്‍ പ്രത്യേക സംഘം

എസ്എച്ച്ഒയുടെയും രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെയും മൊഴിയെടുക്കും

തിരുവനന്തപുരം : ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച സംഭവത്തിൽ പൊലീസ് വീഴ്ച പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അപകടം ഉണ്ടാക്കിയ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കാൻ കാലതാമസം ഉണ്ടായിയെന്ന ആരോപണം അടക്കം പരിശോധിക്കും.

അപകടം നടന്ന് പതിനൊന്നര മണിക്കൂറിനു ശേഷമാണ് ഡ്രൈവ‍ർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന നടത്തിയത്. ഇക്കാര്യത്തിൽ അടക്കം മ്യൂസിയം പൊലീസ് മനഃപൂർവം വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. എസ്എച്ച്ഒയുടെയും രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെയും മൊഴിയെടുക്കും.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് ഇറങ്ങിയ മണിയൻപിള്ള രാജുവിൻ്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനം നിർത്താതെ മണിയൻപിള്ള രാജു സ്ഥലത്തുനിന്ന് പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിർത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് എത്തിക്കാൻ പറഞ്ഞതായും മണിയൻപിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മണിയൻപിള്ള രാജു സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ക്ലബ്ബിന്റെ പാർക്കിങ്ങിൽ നിന്ന് മണിയൻപിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇൻഡികേറ്റർ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയൻപിള്ള രാജു വാഹനം എടുക്കുന്നത്. പിന്നാലെ ബൈക്ക് വന്ന് ഇടിക്കുകയും മണിയൻപിള്ള വാഹനം നിർത്താതെ എടുത്തുപോകുകയായിരുന്നു.

അപകടത്തിൽ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്കായിരുന്നു പരിക്കേറ്റത്. സൂരജിനെ എസ്പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമേറ്റിരുന്നു.

Content Highlight : An investigation has begun to examine police lapses in the incident where actor Maniyanpilla Raju was hit by his car in front of the Trivandrum Club.

To advertise here,contact us