തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റി. കോർപ്പറേഷന്റെ ഇടപെടലിന് പിന്നാലെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കാണ് നായ്ക്കളെ മാറ്റിയത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ചെങ്കോട്ടുകോണം മടവൂർ പാറയിലെ ഇവരുടെ വീട്ടിലും പരിസരത്തുമായി നായ്ക്കളെ സംരക്ഷിച്ചിരുന്നത്. ഇത് നാട്ടുകാർക്ക് വലിയ പ്രശ്നം സൃഷ്ടിച്ചതായി പരാതി ഉയർന്നിരുന്നു. നായ്ക്കൾ ശബ്ദമുണ്ടാക്കുന്നതിനാൽ പരിസരവാസികൾക്ക് ഉറക്കം നഷ്ടമാകുന്നതായും പകൽപോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും പരാതി ഉണ്ടായിരുന്നു. പരാതികൾ രൂക്ഷമായതോടെ നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റാൻ തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. നായ്ക്കളെ വീട്ടിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥക്ക് കോർപ്പറേഷൻ കത്ത് നൽകിയിരുന്നു. എന്നാൽ നായ്ക്കൾ തനിയെ പെറ്റു പെരുകിയതാണെന്നും കോർപ്പറേഷൻ നായ്ക്കളെ കൊണ്ടുപോകട്ടെ എന്ന നിലപാടുമാണ് ഉദ്യോഗസ്ഥ സ്വീകരിച്ചത്. പിന്നാലെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ചത്.
Content Highlights: Seventy stray dogs kept at a female police officer's home have been moved to shelters in thiruvananthapuram