'രാഹുല്‍ ഗാന്ധി വര്‍ഗീയതയെ എതിര്‍ക്കുന്ന, വ്യക്തമായ നിലപാടുളള നേതാവ്'; പ്രശംസയുമായി ശശി തരൂര്‍

രാഹുല്‍ ഗാന്ധിയെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായുളള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ അവസാനിപ്പിച്ചതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശശി തരൂര്‍. വ്യക്തമായ രാഷ്ട്രീയ നിലപാടുളള നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്നയാളാണ് അദ്ദേഹമെന്നും ശശി തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഒരു പരാമര്‍ശത്തെയും താന്‍ അംഗീകരിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ പല കാര്യങ്ങള്‍ക്കും വേണ്ടി ശക്തമായി നില്‍ക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും തരൂർ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിര നിലകൊള്ളുന്ന രാഹുല്‍ ഗാന്ധിയെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ലെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍ കോണ്‍ഗ്രസിലാണ് ഉളളതെന്നും മറ്റെവിടേയ്ക്കും പോകുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാവുകയും യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു.17 വര്‍ഷമായി താന്‍ പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നുവെന്നും ഇനി ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് മാധ്യമങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടിക്ക് നിലപാടുള്ള വിഷയങ്ങളില്‍ താന്‍ വേറെ അഭിപ്രായങ്ങള്‍ പറയാറില്ല. ചില വിഷയങ്ങളില്‍ ചില ആളുകള്‍ വ്യക്തിപരമായ അഭിപ്രായം ചോദിക്കും അതിന് മറുപടി പറയാറുണ്ട്. അത് പാര്‍ട്ടിയുടെ നിലപാടല്ല. പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടത് പാര്‍ട്ടി വക്താക്കളാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ വെച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. സിപിഐഎമ്മുമായി തരൂര്‍ അടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ഇത്. ക്രിയാത്മകമായ ചര്‍ച്ചയായിരുന്നു നടന്നതെന്നായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തരൂരിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് ശശി തരൂര്‍ ചൂണ്ടിക്കാണിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും എന്ന വാക്കു കൊടുത്തു കഴിഞ്ഞു. കഴിഞ്ഞതവണ 56 സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇറങ്ങി. ഇത്തവണ അതില്‍ കൂടുതല്‍ ഇറങ്ങും. സിപിഐഎമ്മിലേക്ക് എന്ന കഥകള്‍ എവിടെ നിന്ന് കിട്ടി എന്ന് അറിയില്ലെന്നും തരൂര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Content Highlights: Shashi Tharoor Praises Rahul Gandhi, says he is a clear-sighted leader who opposes communalism

To advertise here,contact us