സി ജെ റോയ് അഭിമാനിയായ സംരംഭകന്‍, പേരിന് കളങ്കം വരുമോ എന്ന ഭീതിയിലാകാം ജീവനൊടുക്കിയത്: ഗോകുലം ഗോപാലന്‍

സമൂഹത്തിനായി എന്തുംചെയ്യുന്ന ദാനധര്‍മ്മിയായിരുന്നു സി ജെ റോയ് എന്നും ഗോകുലം ഗോപാലന്‍ ഓര്‍മ്മിച്ചു

തിരുവനന്തപുരം: ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനിടെ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യെ അനുസ്മരിച്ച് ഗോകുലം ഗോപാലന്‍. സി ജെ റോയ് അഭിമാനിയായ സംരംഭകനാണെന്നും പേരിന് കളങ്കം വരുമോ എന്ന ഭീതിയിലാകാം ജീവനൊടുക്കിയതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. യാതൊരു തെറ്റും ചെയ്യാതെയാണ് റോയ് സംരംഭവുമായി മുന്നോട്ടുപോയതെന്നും സമൂഹത്തിനായി എന്തുംചെയ്യുന്ന ദാനധര്‍മ്മിയായിരുന്നു സി ജെ റോയ് എന്നും ഗോകുലം ഗോപാലന്‍ ഓര്‍മ്മിച്ചു.

'എന്റെ നല്ലൊരു സുഹൃത്തായിരുന്നു. പറഞ്ഞതെല്ലാം കൃത്യമായി ചെയ്യുന്നയാളായിരുന്നു. വ്യവസായ രംഗത്ത് പേരുകേട്ട വ്യക്തിയായിരുന്നു. സമൂഹത്തിന് വേണ്ടി എന്തും സന്തോഷത്തോടെ ചെയ്യുന്ന ദാനധര്‍മ്മിയായിരുന്നു. ജനങ്ങള്‍ക്ക് എന്ത് സഹായവും ചെയ്യുന്ന ആള്‍. മാന്യമായ, വാക്കിന് വിലയുളള ബിസിനസുകാരന്‍. മറുനാടന്‍ മലയാളികള്‍ക്ക് വളരെ വിഷമമുണ്ടാക്കുന്നതാണ് അദ്ദേഹത്തിൻ്റെ മരണം. വീട്ടിലെ ഒരു സഹോദരന്‍ നഷ്ടപ്പെട്ട വേദനയാണ് എനിക്ക്. അഭിമാനക്ഷതം പറ്റുന്നുണ്ടോ എന്ന തോന്നല്‍ ഉണ്ടായിക്കാണും. എന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതുപോലെ തന്നെയാണ് റോയിയും. അഭിമാനിയായിരുന്നു റോയ്. അഭിമാനത്തിന് ക്ഷതം പറ്റുന്നുണ്ടോ എന്ന് അദ്ദേഹത്തിന് തോന്നിക്കാണും': ഗോകുലന്‍ ഗോപാലന്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

Content Highlights: 'CJ Roy may have committed suicide out of fear of his name being tarnished': Gokulam Gopalan

To advertise here,contact us