മലപ്പുറം: കെ ടി ജലീല് ഇക്കുറി തവനൂര് നിയമസഭാ മണ്ഡലത്തില് നിന്ന് മത്സരിക്കില്ല. പെരിന്തല്മണ്ണയില് ജലീലിനെ സ്ഥാനാര്ത്ഥിയാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്.
തവനൂരില് യുവനേതാവ് വി പി സാനു എല്ഡിഎഫ് സ്ഥാനാര്ത്ഥിയാകും. തദ്ദേശ തെരഞ്ഞെടുപ്പില് യുഡിഎഫ് വലിയ വിജയമാണ് മണ്ഡലത്തില് നേടിയത്. ഈ സാഹചര്യത്തില് വി പി സാനുവിനെ പോലൊരു യുവനേതാവിനെ മത്സരിപ്പിക്കുന്നത് വിജയിച്ചു കയറാന് സഹായകരമാവുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.
തവനൂര് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്. 2020ല് മൂന്ന് പഞ്ചായത്തുകളില് മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഉണ്ടായിരുന്ന പഞ്ചായത്തുകള് നിലനിര്ത്തുകയും ബാക്കി നാലെണ്ണം എല്ഡിഎഫില് നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിലും തവനൂരില് യുഡിഎഫാണ് മുന്നിലെത്തിയത്. 18,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്. കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലുമായി ശക്തമായ മത്സരം നടന്നപ്പോഴും 2564 വോട്ടിന്റെ ഭൂരിപക്ഷം നേടാനായതിന്റെ ആത്മവിശ്വാസം സിപിഐഎമ്മിനുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപ്പെടുന്ന പെരിന്തല്മണ്ണ മണ്ഡലം ജലീലിനെ സ്ഥാനാര്ത്ഥിയാക്കിയാല് തിരിച്ചുപിടിക്കാന് കഴിയുമെന്നാണ് സിപിഐഎം കണക്കുകൂട്ടത്. 38 വോട്ടിനാണ് കഴിഞ്ഞ തവണ നജീബ് കാന്തപുരം കഴിഞ്ഞ തവണ വിജയിച്ചത്. ഇത്രയും ചെറിയ വോട്ടിന് കൈവിട്ട മണ്ഡലം ഇത്തവണ ജലീലിലൂടെ സ്വന്തമാക്കാന് കഴിയുമെന്നാണ് ഇടതുപാളയം കരുതുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില് മണ്ഡലത്തിലെ ഇടത് കോട്ടയായ പെരിന്തല്മണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 37 വാര്ഡുകളില് 21 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. 1995ല് രൂപീകരിച്ച നഗരസഭയില് ഇക്കുറി ആദ്യമായാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.
നഗരസഭയ്ക്ക് പുറമേ മണ്ഡലത്തിലെ മേലാറ്റൂര്,വെട്ടത്തൂര്,താഴേക്കാട്,ആലിപ്പറമ്പ്,പുലാമന്തോള്,ഏലംകുളം പഞ്ചായത്തുകളിലും യുഡിഎഫിനാണ് ഭരണം. നഗരസഭയും പഞ്ചായത്തും പിടിച്ച് മണ്ഡലത്തില് കരുത്തനായ നജീബ് കാന്തപുരത്തോട് ജലീല് ഏറ്റുമുട്ടാന് ഇറങ്ങിയാല് തീപാറുന്ന പോരാട്ടമാണ് നടക്കുക.
Content Highlights: K T Jaleel will not contest from the Tanur Assembly constituency this time.