തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ വട്ടിയൂർകാവ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് നടനും നേതാവുമായ ജി കൃഷ്ണകുമാർ. തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നാണ് ജി കൃഷ്ണകുമാർ കോർ കമ്മിറ്റിയിൽ അമിത് ഷായോട് ആവശ്യപ്പെട്ടത്.
ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയിൽ അംഗമല്ലാത്ത ജി കൃഷ്ണകുമാറിനെ പ്രത്യേക ക്ഷണിതാവായാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. അമിത് ഷാ സംസാരിച്ചതിന് ശേഷം എഴുന്നേറ്റ് നിന്ന് കൃഷ്ണകുമാർ വട്ടിയൂർകാവ് സീറ്റിനായി അവകാശവാദം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി താൻ മണ്ഡലത്തിൽ സജീവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ അവിടെ പ്രവർത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ബിജെപിക്ക് അവിടെ ഉണ്ടാക്കാനായിട്ടുണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. താൻ മത്സരിക്കുകയാണെങ്കിൽ നിയമസഭയിലേക്ക് ഒരു ബിജെപി എംഎൽഎ ഉണ്ടാകുമെന്ന ഉറപ്പും അമിത് ഷായ്ക്ക് കൃഷ്ണകുമാർ ഉറപ്പുനൽകി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ ചർച്ചയിൽ പേര് ഉയർന്നാൽ പരിഗണിക്കുമെന്ന് അമിത് ഷാ മറുപടി നൽകി. പാർട്ടി സംവിധാനം ആ വഴിക്ക് നീങ്ങട്ടെയെന്നും ഷാ പറഞ്ഞതായാണ് വിവരം. 25 വർഷമായി താൻ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂർകാവ് എന്നും മണ്ഡലത്തിലെ ബൂത്ത് പ്രവർത്തകർ മുതൽ ഓരോ പാർട്ടി പ്രവർത്തകരുമായും പാർട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ടെന്നും നേരത്തെ കൃഷ്ണകുമാർ പറഞ്ഞിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തിന് പകരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്ക് നൽകാമെന്ന് നേതാക്കൾ വാഗ്ദാനം ചെയ്ത സീറ്റാണ് വട്ടിയൂർകാവ്. എന്നാൽ ഈ സീറ്റിൽ മത്സരിക്കാൻ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ എൽഡിഎഫ് നേതാവ് വി കെ പ്രശാന്തിന്റെ മണ്ഡലമാണ് വട്ടിയൂർകാവ്. തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന്റെ ചുവടുപിടിച്ച് വട്ടിയൂർകാവിലടക്കം മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Content Highlights : G Krishna Kumar raised the demand for the Vattiyoorkavu seat in the presence of Home Minister Amit Shah