രാഹുലിനെ തള്ളി കോണ്‍ഗ്രസ്; 'എംഎല്‍എയുടെ മേല്‍ ഉത്തരവാദിത്വമില്ല, ഒരു തരത്തിലും ബാധിക്കില്ല'

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്.

പാലക്കാട്: ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ്. എംഎല്‍എയുടെ മേല്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമില്ലെന്ന് ഡിസിസി അദ്ധ്യക്ഷന്‍ എ തങ്കപ്പന്‍ പറഞ്ഞു.

എംഎല്‍എ സ്ഥാനത്ത് തുടരണോ എന്ന് രാഹുല്‍ തീരുമാനിക്കണം. കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളുടെ മേല്‍ നിയന്ത്രണമില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയില്‍ പറയുന്നു.

വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുല്‍ പണം കൈക്കലാക്കി. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ യുവതിയില്‍നിന്നും വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സമയത്താണ് യുവതി രാഹുലുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം സ്ഥാപിച്ച രാഹുല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി പറയുന്നുണ്ട്.

Content Highlights: congress says no responsibility on rahul mamkootathil mla

To advertise here,contact us