തന്ത്രിയുടെ അറസ്റ്റ്: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ, എത്തേണ്ടവരിലേക്ക് അന്വേഷണം എത്തണം: K C വേണുഗോപാൽ

കൈകൾ ശുദ്ധമാണെന്ന് സിപിഐഎം പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എത്തേണ്ടവരിലേക്ക് അന്വേഷണം എത്തണം. ചർച്ച ചെയ്ത ഒരുപാട് പേരുകൾ വന്നിട്ടില്ല. അറസ്റ്റിന്‍റെ വിശദാംശങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണകൊള്ളയിൽ വമ്പൻ സ്രാവുകൾ ഇനിയും പിടിക്കപ്പെടേണ്ടതുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൈകൾ ശുദ്ധമാണെന്ന് സിപിഐഎം പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. കൈകൾ ശുദ്ധമായത് കൊണ്ടാണ് മൂന്ന് സിപിഐഎം നേതാക്കൾ ജയിലിൽ കിടന്ന് ഉണ്ട തിന്നുന്നത്. ടി പി രാമകൃഷ്ണൻ ഏതു ലോകത്താണ് ജീവിക്കുന്നത്. ജയിലിൽ കിടക്കുന്നത് മൂന്ന് സിപിഐഎം നേതാക്കളാണ്. ആരും നിയമത്തിന് അതീതരല്ല- രമേശ് ചെന്നിത്തല പറഞ്ഞു.

തന്ത്രിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്ത് അന്വേഷണത്തിന്റെ പുരോഗതിയാണ്. എന്നാൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് എവിടെവരെ ആയി എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിമർശനം. കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് തനിക്ക് പറയാനുള്ള കാര്യം അവർ കേട്ടു എന്നാണ്. കടകംപള്ളിയുടെ അഭിമുഖം രേഖപ്പെടുത്തുകയായിരുന്നോ അന്വേഷണ സംഘം എന്നതാണ് തങ്ങളുടെ ചോദ്യം. മന്ത്രിയെ ചോദ്യം ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിന്റെ ഫലമെന്തെന്നും അറിയാൻ കേരളത്തിലെ ജനങ്ങൾക്കും വിശ്വാസികൾക്കും അവകാശമുണ്ട്. കേസിൽ ഉന്നതരെ പിടികൂടേണ്ടതുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ച് പറഞ്ഞു. ഉന്നതരുടെ നിർദേശം ഇല്ലാതെ സ്വർണം മോഷ്ടിക്കാൻ കഴിയില്ല. വ്യാപകമായ അന്തർദേശീയ ബന്ധമുള്ള കൊള്ളയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമലയിലെ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് തന്ത്രിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയിലേയ്ക്ക് നയിച്ച വിവിധ ഘട്ടങ്ങളിൽ തന്ത്രി നൽകിയ അനുമതികൾ സംശായ്പദമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണ്. തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണ്. കണ്ഠരര് രാജീവരർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

ഉണ്ണികൃഷണൻ പോറ്റിയുമായുള്ള ഇടപ്പാടുകൾക്ക് തന്ത്രി നേതൃത്വം നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്ത്രിയുടെ ഇടപെടൽ എസ്ഐടി സ്ഥിരീകരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും പത്മകുമാറിൻ്റെയും മൊഴികളാണ് തന്ത്രിക്ക് കുരുക്കായത്.

Content Highlights: congress leaders k c venugopal and Ramesh chennithala reacts tantri kandararu rajeevaru arrest on sabarimala gold theft case

To advertise here,contact us