തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില് യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങി സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്ന്ന് പ്രതിരോധത്തിലായ അവസ്ഥയെ മറികടന്ന് പ്രവര്ത്തകരെ ആവേശത്തിലാഴ്ത്താന് യുവനേതാക്കള്ക്ക് കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ പരിഗണിക്കുന്നത് എലത്തൂരിലാണ്. എന്സിപിയില് നിന്ന് മണ്ഡലം സിപിഐഎം ഏറ്റെടുക്കുമെന്നാണ് ഇപ്പോള് പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമായില്ലെങ്കില് കുന്നമംഗലത്തായിരിക്കും വസീഫ് ജനവിധി തേടുക.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂര് ജില്ലയില് നിന്ന് മത്സരിക്കും. കെ കെ ഷൈലജ മത്സര രംഗത്തില്ലെങ്കില് മട്ടന്നൂരില് നിന്നായിരിക്കും സനോജ് മത്സരിക്കുക. അല്ലെങ്കില് തളിപ്പറമ്പിലേക്കും സനോജിനെ പരിഗണിക്കുന്നുണ്ട്.
എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വി പി സാനുവിനേയും മത്സരത്തിനിറക്കിയേക്കും. കെ ടി ജലീല് മത്സരരംഗത്തില്ലെങ്കില് തവനൂരില് നിന്ന് സാനു മത്സരിക്കാനാണ് സാധ്യത. കൊല്ലത്ത് ചിന്ത ജെറോം പരിഗണനയിലുണ്ട്. എം മുകേഷിന് പകരമായാണ് ചിന്തയെ പരിഗണിക്കുന്നത്.
എസ്എഫ്ഐ മുന് സംസ്ഥാന സെക്രട്ടറി പിഎം ആര്ഷോയുടെ പേര് ഷൊര്ണ്ണൂരില് ആലോചിക്കുന്നുണ്ട്. ആര്ഷോ സ്ഥാനാര്ത്ഥിയാവാനുള്ള സാധ്യതയേറെയാണ്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ പേരും ചര്ച്ചകളിലുണ്ട്. ആലപ്പുഴയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില് നിന്ന് ശിവപ്രസാദ് മത്സരിക്കാനാണ് സാധ്യത.
അതേ സമയം ജെയ്ക്ക് സി തോമസ് ഇക്കുറി മത്സരിക്കില്ല. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പരിഗണിക്കുന്നതിനാലാണിത്.
Content Highlights: cpim plans to field young leaders including Vaseef, sanoj, sanu, chintha, arsho, shivaprasad