ബെംഗളൂരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാൽ ബെംഗളൂരു മലയാളികൾക്ക് കൂടുതൽ ആശ്വാസമാകും. യാത്രക്കാർക്ക് മൂന്ന് മണിക്കൂർ ലാഭിക്കാൻ സാധിക്കുമെന്നതിനാലാണത്. കൂടാതെ നാട്ടിലേക്കുള്ള രാത്രി യാത്രക്ക് ആഴ്ചയിൽ അയ്യായിരത്തോളം അധിക ബെർത്തുകൾ കൂടി ലഭിക്കും.
നിലവിൽ പകൽ സർവീസ് നടത്തുന്ന എറണാകുളം വന്ദേഭാരത് എട്ടര മണിക്കൂർ കൊണ്ട് ഓടിയെത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്ദേഭാരത് സ്ലീപ്പർ 12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും എന്ന നിഗമനം.
കുഷ്യൻ ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷ സംവിധാനം എന്നിവയും വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകളാണ്. 16 കോച്ചുകളുള്ള ബെംഗളൂരു– തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പറിൽ 823 പേർക്കു യാത്ര ചെയ്യാം. തേഡ് എസിയിൽ 611 പേർക്കും സെക്കൻഡ് എസിയിൽ 188 പേർക്കും ഫസ്റ്റ് എസിയിൽ 24 പേർക്കും യാത്ര ചെയ്യാം. ഭക്ഷണം ഉൾപ്പെടെ തേഡ് എസിയിൽ 2300 രൂപയും സെക്കൻഡ് എസിയിൽ 3000 രൂപയും ഫസ്റ്റ് എസിയിൽ 3600 രൂപയുമായിരിക്കും ഏകദേശ നിരക്കെന്നാണ് റെയിൽവേ നൽകുന്ന സൂചന.
വന്ദേഭാരത് സ്ലീപ്പറിന്റെ റൂട്ട് കോട്ടയം വഴിയായാൽ മധ്യകേരളത്തിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമാകും. ബെംഗളൂരുവിൽ നിന്ന് കോട്ടയം വഴി തിരുവനന്തപുരം സെൻട്രൽ വരെ 858 കിലോമീറ്ററാണുള്ളത്. എന്നാൽ 2 സ്ലീപ്പർ റേക്കുകൾ ലഭിച്ചാൽ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സർവീസ് നടത്താൻ കഴിയൂ.
Content Highlight: Bangalore to Trivandrum Vande Bharat Sleeper train service is going to get introduced. The service hopefully saves three hours of journey as a result Bangalore Malayalees can reach their destination within 12 hours. Sleeper train service will provide additional 5000 berths per week for overnight travel.