കൊയിലാണ്ടിയെങ്കില്‍ ഓക്കെ; പാര്‍ട്ടി ആവശ്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊയിലാണ്ടിയിൽ അല്ലെങ്കിൽ താൻ മത്സരിക്കില്ല എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കും. സ്ഥാനാര്‍ത്ഥിയാവണമെന്ന പാര്‍ട്ടി ആവശ്യത്തോട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മതം മൂളി.

കൊയിലാണ്ടിയിലോ നാദാപുരത്തോ ആയിരിക്കും മുല്ലപ്പള്ളി മത്സരിക്കുക. കൊയിലാണ്ടിക്ക് വേണ്ടിയാണ് മുല്ലപ്പള്ളി പിടിമുറുക്കിയിരിക്കുന്നത്. എന്നാൽ കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ കൊയിലാണ്ടിയിൽ കണ്ണുവെച്ചിട്ടുണ്ട് എന്നതിനാൽ മുല്ലപ്പള്ളിക്കായി നാദാപുരവും പാർട്ടിയുടെ പരിഗണനയിലുണ്ട്.

നാദാപുരത്ത് മുല്ലപ്പള്ളി മത്സരിച്ചാൽ ഈഴവ, മുസ്‌ലിം വോട്ടുകൾ കോൺഗ്രസിലേക്കെത്തിക്കാം എന്നതാണ് പാർട്ടി കണക്കുകൂട്ടുന്നത്. എന്നാൽ കൊയിലാണ്ടിയിൽ അല്ലെങ്കിൽ താൻ മത്സരിക്കില്ല എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. വരും ദിവസങ്ങളിൽ മണ്ഡലമേത് എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ മണ്ഡലത്തിൽ യുഡിഎഫിനാണ് മേൽക്കൈ.

ഇത്തരത്തിൽ നാദാപുരവും പരിഗണനയിലിരിക്കെ മണ്ഡലത്തിൽ മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകൾ വന്നിരുന്നു. നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കുമെന്ന മുന്നറിയിപ്പ് പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നും പറയുന്നുണ്ട്. ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെയെന്നും പോസ്റ്ററിലുണ്ട്.

മുതിർന്ന നേതാക്കളെയും സജീവമായി പരിഗണിച്ചുകൊണ്ടാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. മുല്ലപ്പള്ളിക്ക് പുറമെ, വി എം സുധീരൻ, കെ സുധാകരൻ എന്നിവരെയും രംഗത്തിറക്കാൻ കോൺഗ്രസിന് പദ്ധതിയുണ്ട്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Kerala Aseembly Polls: Congress to consider Mullappally Ramachandran at Koyilandy or Nadapuram

To advertise here,contact us