മലപ്പുറം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്ശനവുമായി മുന് മന്ത്രിയും എംഎല്എയുമായ കെ ടി ജലീല്. തന്റെ മണ്ഡലത്തില് ഏറെ വര്ഷമായി സാധ്യമാകാതെ കിടന്ന പാലം നിര്മാണം തടസപ്പെടുത്താന് ലീഗ് നുണപ്രചാരണം നടത്തുകയാണെന്ന് കെ ടി ജലീല് ആരോപിച്ചു. പുറത്തൂര് പഞ്ചായത്തിലെ നായര്തോട് പാലത്തിന്റെ നിര്മാണത്തിനെതിരെയാണ് ലീഗിന്റെ നുണപ്രചാരണമെന്നാണ് ജലീല് പറയുന്നത്. സ്ഥലം വിട്ടുനല്കാന് തയ്യാറായ ആളെക്കൊണ്ട് ലീഗ് വ്ളോഗര് നുണപറയിപ്പിച്ചെന്നാണ് ജലീല് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
27 പേരില് നിന്ന് 58 സെന്റ് സ്ഥലമാണ് നായര്തോട് പാലത്തിനായി ഏറ്റെടുത്തതെന്ന് ജലീല് പറയുന്നു. ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപയാണ് സ്ഥല വിലയായി ഉടമകള്ക്ക് സര്ക്കാര് നല്കിയത്. സുബൈര് എന്നയാള്ക്ക് 11,43,000 രൂപയും രണ്ട് സെന്റ് സ്ഥലത്തിനും ഒരു ഓലമേഞ്ഞ ഷെഡ്ഡിനുമായി തിരൂര് അര്ബണ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത്. അദ്ദേഹത്തെക്കൊണ്ടാണ് ആറ് ലക്ഷമേ കിട്ടിയിട്ടുള്ളൂ എന്ന് ലീഗ് വ്ളോഗര് പറയിപ്പിച്ചതെന്ന് ജലീല് പറഞ്ഞു.
പരമാവധി വില സുബൈറിന് കിട്ടാന് നല്ല ഇടപെടലാണ് താന് നടത്തിയതെന്നും പ്രസ്തുത തുകയ്ക്ക് സമ്മതമാണെന്ന് സുബൈര് ഒപ്പിട്ട് നല്കിയ ശേഷമാണ് തുക കൈമാറ്റം നടന്നതെന്നും ജലീല് ചൂണ്ടിക്കാട്ടി. നായര്തോട് പാലം വരുന്നത് പരമാവധി മുടക്കാന് നോക്കിയവരാണ് ഇപ്പോള് സുബൈറിനെക്കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ചിരിക്കുന്നത്. ലീഗിന്റെ രാഷ്ട്രീയക്കളിക്ക് സുബൈര് നിന്നുകൊടുത്തത് അങ്ങേയറ്റം ദൗര്ഭാഗ്യകരമാണ്. 'നക്കാപിച്ച' കൊടുത്ത് ലീഗ് പറയിപ്പിച്ച നുണ ജനങ്ങള് തള്ളിക്കളയുമെന്നും ജലീല് കൂട്ടിച്ചേര്ത്തു.
കർണാടകയിലെ കുടിയൊഴിപ്പിക്കലിൽ ഇടപെടാൻ കഴിഞ്ഞത് പൊതുപ്രവര്ത്തന ജീവിതത്തിലെ ഏറ്റവും വലിയ സല്കൃത്യമാണെന്ന് ജലീൽ പറഞ്ഞു. അതുപക്ഷെ സഹിക്കാന് മുസ്ലിം ലീഗിന് കഴിയുന്നില്ല. തിന്നുകയും തീറ്റിക്കുകയും ചെയ്യാത്ത പുല്ലൂട്ടിലെ 'മൃഗ'മായി ലീഗ് മാറിയാല് വടിയെടുത്ത് ലീഗിന്റെ കൂടെത്തന്നെ കാണുമെന്നും ജലീൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ലീഗ്
എന്റെ മണ്ഡലത്തിലെ പുറത്തൂര് പഞ്ചായത്തില് എത്രയോ വര്ഷമായി സാദ്ധ്യമാകാതെ കിടന്ന നായര്തോട് പാലത്തിന് 52 കോടി അനുവദിപ്പിച്ചു. സമയബന്ധിതമായി പാലം പണി പൂര്ത്തിയായി. അപ്രോച്ച് റോഡിന് സ്ഥലം വിട്ട് തരാമെന്ന് പാലത്തിന്റെ ഇരുഭാഗത്തുമുള്ള 27 സ്ഥല ഉടമകള് സമ്മതിച്ചിരുന്നു. അഡ്വാന്സായി സ്ഥലം നല്കാമെന്ന് വരെ ആരംഭഘട്ടത്തില് അവര് പറഞ്ഞിരുന്നു. എന്നാല് പാലം യാഥാര്ത്ഥ്യമാകരുതെന്ന് ചിന്തിക്കുന്ന 'ചില ദുഷ്ട മനസ്സു'ള്ളവര് അവരെ അതില് നിന്ന് പിന്തിരിപ്പിച്ചു.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പണം ഓരോരുത്തരുടെയും അക്കൗണ്ടില് വന്ന ശേഷം സ്ഥലം ഏറ്റെടുത്താല് മതിയെന്ന് ഞാന് തന്നെയാണ് പറഞ്ഞത്. ഇന്നലത്തോടുകൂടി 25 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറി. രണ്ട് പേരുടെ ബാങ്ക് അക്കൗണ്ടുകളില് ചില പിശകുള്ളതിനാല് അത് നാളെത്തന്നെ ശരിയാക്കി പൈസ കൈമാറുമെന്ന് ഉദ്യോഗസ്ഥര് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഇരുപത് വര്ഷമായി കുറ്റിപ്പുറം-തവനൂര് മണ്ഡലങ്ങളില് നടത്തിയ എല്ലാ വികസന പ്രവര്ത്തനങ്ങളും ലീഗിന്റെ 'പാരകളെ' മറികടന്നാണ് നടത്തിയത്. എന്നോട് അവര്ക്കുള്ള 'പക'യുടെ കാരണം സുവിദിതമാണല്ലോ? അത് ഞാന് ജീവിച്ചിരിക്കുന്നെടത്തോളം നിലനില്ക്കും. അവയെ അതിജയിക്കാനുള്ള ശ്രമങ്ങള് എനിക്കു പകര്ന്ന ആവേശവും ഉശിരും ചെറുതല്ല.
27 പേരില് നിന്ന് 58 സെന്റ് സ്ഥലമാണ് നായര്തോട് പാലത്തിനായി ഏറ്റെടുത്തത്. ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപയാണ് സ്ഥല വിലയായി ഉടമകള്ക്ക് സര്ക്കാര് നല്കിയത്. സുബൈര് എന്നയാള്ക്ക് 11 ലക്ഷത്തി 43 ആയിരം രൂപയാണ് രണ്ട് സെന്റ് സ്ഥലത്തിനും ഒരു ഓലമേഞ്ഞ ഷെഡ്ഡിനുമായി തിരൂര് അര്ബണ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത്. അദ്ദേഹത്തെക്കൊണ്ടാണ് 6 ലക്ഷമേ കിട്ടിയിട്ടുള്ളൂ എന്ന് ലീഗ് വ്ലോഗര് പറയിപ്പിച്ചത്. പണം കൈമാറിയതിന്റെ രേഖ ഇതോടൊപ്പം ഇമേജില് ചേര്ക്കുന്നു.
പരമാവധി വില സുബൈറിന് കിട്ടാന് നല്ല ഇടപെടലാണ് ഈയുള്ളവന് നടത്തിയത്. പ്രസ്തുത തുകക്ക് സമ്മതമാണെന്ന് സുബൈര് ഒപ്പിട്ട് നല്കിയ ശേഷമാണ് തുക കൈമാറ്റം നടന്നത്. നായര് തോട് പാലം വരുന്നത് പരമാവധി മുടക്കാന് നോക്കിയവരാണ് ഇപ്പോള് സുബൈറിനെക്കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ചിരിക്കുന്നത്. ലീഗിന്റെ രാഷ്ട്രീയക്കളിക്ക് സുബൈര് നിന്നു കൊടുത്തത് അങ്ങേയറ്റംദൗര്ഭാഗ്യകരമാണ്. 'നക്കാപിച്ച' കൊടുത്ത് ലീഗ് പറയിപ്പിച്ച നുണ ജനങ്ങള് തള്ളിക്കളയും.
കര്ണാടകയിലെ കുടിയൊഴിപ്പിക്കപ്പെട്ട 180 കുടുംബങ്ങള്ക്ക് സനാഥത്വം നല്കാനായതില് ഏറെ സന്തോഷമുണ്ട്. കോണ്ഗ്രസും ലീഗും കണ്ടില്ലെന്ന് നടിച്ച് തെരുവില് തള്ളാന് നോക്കിയ ആയിരത്തി അഞ്ഞൂറിലധികം മനുഷ്യര്ക്ക് വാസസ്ഥലം നല്കാനുള്ള തീരുമാനം കര്ണാടകയിലെ കോണ്ഗ്രസ് സര്ക്കാരിനെ കൊണ്ട് എടുപ്പിക്കാനായതില് പങ്കാളിയാകാന് സാധിച്ചത് എന്റെ പൊതുപ്രവര്ത്തന ജീവിതത്തിലെ ഏറ്റവും വലിയ സല്കൃത്യമാണ്. അതുപക്ഷെ സഹിക്കാന് മുസ്ലിം ലീഗിന് കഴിയുന്നില്ല. തിന്നുകയും തീറ്റിക്കുകയും ചെയ്യാത്ത പുല്ലൂട്ടിലെ 'മൃഗ'മായി ലീഗ് മാറിയാല് വടിയെടുത്ത് ലീഗിന്റെ കൂടെത്തന്നെ കാണും.
Content Highlights- Muslim league spread false informations against me says k t jaleel mla in Facebook post