'ഫോട്ടോ കാണിച്ചുതന്നു, ഉണ്ണികൃഷ്ണൻ പോറ്റിയെയും ഡി മണിയെയും അറിയില്ല'; 'സഹായി' ശ്രീകൃഷ്ണൻ റിപ്പോർട്ടറിനോട്

തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും തീർച്ചയായും പോകുമെന്നും ശ്രീകൃഷ്ണൻ പറഞ്ഞു

ചെന്നൈ: ഡി മണിയെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും അറിയുക പോലുമില്ലെന്ന് മണിയുടെ സഹായിയെന്ന് കരുതപ്പെടുന്ന ശ്രീകൃഷ്ണൻ. ഇരുവരെയും ഇതുവരെ താൻ കണ്ടിട്ടില്ല. വീട്ടില്‍ എസ്ഐടി റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് തന്റെ പ്രധാന ജോലിയെന്നും തിരുവനന്തപുരത്ത് പഠിക്കുന്ന മകളെ കാണാൻ കേരളത്തിലേക്ക് വരാറുണ്ടെന്നും ശ്രീകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു.

വിരുദുനഗർ ജില്ലയിലെ രാജപാളയം സ്വദേശിയാണ് ശ്രീകൃഷ്ണൻ. രാത്രി എട്ട് മണിയോടെയാണ് വീട്ടിൽ റെയ്ഡിന് വന്നത് എന്നും വീട്ടിലില്ലാതിരുന്ന തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും ശ്രീകൃഷ്ണൻ പറഞ്ഞു. തന്നോട് ഉണ്ണികൃഷ്ണൻ പോറ്റിയെയും ഡി മണിയെയും കുറിച്ച് ചോദിച്ചു. തനിക്ക് ആരെയും അറിയില്ല എന്ന് പറഞ്ഞുവെന്നും ശ്രീകൃഷ്ണൻ വ്യക്തമാക്കി.

ഡി മണിയെയും പോറ്റിയെയും കണ്ടിട്ടേയില്ല എന്നാണ് ശ്രീകൃഷ്ണൻ തറപ്പിച്ചുപറയുന്നത്. തന്റെ മകൾ കേരളത്തിൽ പഠിക്കുകയാണ്. അത് മാത്രമാണ് കേരളവുമായുള്ള ബന്ധം. ഒരു സിം മാത്രമാണ് തനിക്കുള്ളത്. പോറ്റി തന്നെ വിളിച്ചിട്ട് പോലുമില്ല. മലയാളികളുമായി യാതൊരു ബിസിനസുമില്ല. സ്വർണ ഇടപാടുകൾ പോലും ഇല്ല. തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും തീർച്ചയായും പോകുമെന്നും ശ്രീകൃഷ്ണൻ പറഞ്ഞു. മുപ്പത് വർഷമായി താൻ ഇവിടെയാണ് താമസമെന്നും വണ്ടിപ്പെരിയാറിൽ ഉള്ള കാലത്ത് മാത്രമാണ് ശബരിമലയിലേക്ക് പോയിരുന്നതെന്നും ശ്രീകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം, കേസുമായി തനിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് എസ്ഐടി ചോദ്യം ചെയ്ത ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി കഴിഞ്ഞ ദിവസം കരഞ്ഞുപറഞ്ഞു. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഡിസംബർ 27നാണ് ദിണ്ടിഗലില്‍ എത്തി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് ഡി മണി പറഞ്ഞിരുന്നു. മാത്രവുമല്ല, താന്‍ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നുമായിരുന്നു എസ്‌ഐടിയോട് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യം ചെയ്തത് ഡി മണി തന്നെയാണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രവാസി വ്യവസായിയെ ദൃശ്യങ്ങള്‍ കാണിച്ച് സ്ഥിരീകരിക്കുകയായിരുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാള്‍ പേര് മാറ്റി പറയുന്നതെന്നാണ് വിലയിരുത്തല്‍.

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് ഡി മണിക്ക് എസ്ഐടി നോട്ടീസ് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദേശം. ജനുവരി നാലിനോ അഞ്ചിനോ ഹാജരാകണം. മണി ഡിസംബര്‍ 30-ന് ഹാജരാകും.

Content Highlights: sreekrishnan, who is supposed to be d manis aide, say she dont know anybody

To advertise here,contact us