തിരുവനന്തപുരം: എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആർ ശ്രീലേഖക്കെതിരെ ആഞ്ഞടിച്ച് വി കെ പ്രശാന്ത് എംഎൽഎ. തൻ്റെ ഓഫീസ് ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീലേഖയുടേത് ശുദ്ധമായ മര്യാദകേടാണെന്നും പ്രശാന്ത് തുറന്നടിച്ചു. ഇന്നലെ വന്ന ശ്രീലേഖ മുൻ മേയറായ നിലവിൽ എംഎൽഎ ആയ ഒരാളെ ഇങ്ങനെ അവഹേളിക്കാമോ എന്നും പ്രശാന്ത് ചോദിച്ചു.
ഓഫീസിലെ സ്ഥലപരിമിതി സംബന്ധിച്ച് തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും പ്രശാന്ത് പറഞ്ഞു. മേയറാകാത്തതിന്റെ നിരാശ ഇങ്ങനെ കാണിക്കേണ്ട കാര്യമുണ്ടോ എന്നും മേയറായിരുന്നെങ്കിൽ കോർപറേഷൻ ഓഫീസ് ഉപയോഗിക്കാമായിരുന്നു എന്ന് ശ്രീലേഖ പറഞ്ഞുവെന്നും പ്രശാന്ത് വ്യക്തമാക്കി. തന്റെ കാലത്താണ് ഇങ്ങനെയൊരു കെട്ടിടം നിർമിച്ചതും ഫർണിച്ചറും മറ്റും അനുവദിക്കുന്നതും. താൻ അടക്കം ഇപ്പോൾ വാടകയ്ക്കാണ് കെട്ടിടം എടുത്തിരിക്കുന്നത്. താൻ വാടക കൃത്യമായി അടക്കുന്നുമുണ്ട്. കരാർ അവസാനിക്കുന്നതിന് മുൻപേ ഒഴിയില്ലെന്നും അങ്ങനെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പ്രശാന്ത് പറഞ്ഞു.
ഇന്നലെയാണ് എംഎൽഎ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗൺസിലറായ ശ്രീലേഖയുടെ ആവശ്യം. എംഎൽഎ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം.
എന്നാൽ വാടക കരാർ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിക്കുകയായിരുന്നു. തന്റെ കാലാവധി മൂന്ന് മാസം കൂടി ബാക്കിയുണ്ടെന്ന് എംഎൽഎ മറുപടിയും നൽകിയിരുന്നു. ഇതിന് ശേഷം വീണ്ടും എംഎൽഎ ആയാൽ എന്ത് ചെയ്യും എന്നായിരുന്നു ശ്രീലേഖയുടെ മറുചോദ്യം. ബിജെപി സംസ്ഥാന ഉപാധ്യക്ഷയായ ശ്രീലേഖ, ശാസ്തമംഗലം വാർഡിൽനിന്നും തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ജയിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥയാണ്.
Content Highlights: vk prashanth against r sreelekha on office row