കോഴിക്കോട്: ഗര്ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. എട്ട് മാസം ഗര്ഭിണിയായ യുവതിയോടാണ് പങ്കാളിയുടെ ക്രൂരത. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്മാന് മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. കോടഞ്ചേരി ആശുപത്രിയില് ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മദ്യപിച്ച് വീട്ടില് ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്ഷമായി യുവതിയും യുവാവും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാഹിദ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായി പെണ്കുട്ടി പറഞ്ഞിട്ടുണ്ട്. വീട്ടില് സ്വന്തം മാതാവിന് പോലും ഇയാളെ പേടിയാണെന്നും യുവതി പറയുന്നു. ഗര്ഭിണിയെ ആക്രമിച്ച സംഭവത്തില് നിലവില് പൊലീസ് നടപടികളൊന്നും എടുത്തിട്ടില്ല.
Content Highlight; Partner brutally burns eight-month pregnant woman in Kozhikode with ironing box